ഡി.എ കുടിശ്ശിക: അവസാന ഗഡു ഏപ്രിൽ ശമ്പളത്തോടൊപ്പം
text_fieldsകൊച്ചി: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അനുവദിച്ച ഡി.എയുടെ അവസാന ഗഡു ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്ന് സർക്കാർ ഹൈകോടതിയിൽ. കുടിശ്ശിക 2026-27 സാമ്പത്തിക വർഷം മുതൽ നൽകുമെന്നും സർക്കാറിനുവേണ്ടി ഗവ. പ്ലീഡർ അറിയിച്ചു. എട്ടു ഗഡുവായി കുടിശ്ശിക നൽകുമെന്ന് പ്രഖ്യാപിച്ചിട്ടും തുടർ നടപടിയുണ്ടായില്ലെന്നാരോപിച്ച് ഫെഡറേഷൻ ഒഫ് ഓൾ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് നൽകിയ ഉപഹജിയിലാണ് വിശദീകരണം. അതേസമയം, ക്ഷാമബത്ത കുടിശ്ശികയുടെ ഒരു ഗഡുവെങ്കിലും മാർച്ച് 31നകം നൽകാനാകുമോ എന്ന് കോടതി ചോദിച്ചു.
കുടിശ്ശികയുടെ ഒരു ഗഡുവെങ്കിലും മാർച്ച് 31നകം നൽകാനും കുടിശ്ശികക്ക് ന്യായമായ പലിശ നൽകാനും ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് ഉപഹരജി. 2021 ജൂലൈ മുതൽ 2024 വരെയുള്ള ഡി.എ കുടിശ്ശിക ആവശ്യപ്പെട്ട് ജീവനക്കാർ ഹരജി നൽകിയതിനെ തുടർന്ന് എട്ടു ഗഡുക്കളായി 2026-27 സാമ്പത്തിക വർഷം മുതൽ വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഹരജി.
ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പിന്റെ നിലപാട് തേടേണ്ടതുണ്ടെന്ന് ഗവ. പ്ലീഡർ അറിയിച്ചു. ഇതിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഹരജി വീണ്ടും ഏപ്രിൽ എട്ടിന് പരിഗണിക്കാൻ ജസ്റ്റിസ് വിജു എബ്രഹാം മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

