‘പി.എം ശ്രീയിൽ നിലപാട് മാറ്റിയോ എന്ന് ബേബി പറയട്ടെ’; ഒരു പാർട്ടിയും മുന്നണി മര്യാദ ലംഘിക്കരുതെന്ന് ഡി. രാജ
text_fieldsഡി. രാജ
ന്യൂഡൽഹി: പി.എം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പിട്ടതിൽ കടുത്ത അതൃപ്തിയുമായി സി.പി.ഐ ദേശീയ നേതൃത്വം. ആർ.എസ്.എസ് -ബി.ജെ.പി അജണ്ട വിദ്യാഭ്യാസത്തിൽ ഒളിച്ചുകടത്താനും വിദ്യാഭ്യാസം സ്വകാര്യവത്കരിക്കാനുമുള്ള നീക്കത്തിൽ കേരള സർക്കാർ നിന്നു കൊടുക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ ആവശ്യപ്പെട്ടു.
മുന്നണിമര്യാദ ലംഘനം ഗൗരവമായിട്ടു തന്നെയാണ് പാർട്ടി ദേശീയ നേതൃത്വം കാണുന്നത്. ധാർമികമായ മൂല്യങ്ങളിൽ ഊന്നിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലനിൽക്കുന്നത്. ആർക്കും ആ മൂല്യങ്ങളെ ഉപേക്ഷിക്കാൻ കഴിയില്ല. വിദ്യാഭ്യാസ മേഖലയെ വർഗീയവത്കരിക്കയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം. സംസ്ഥാനങ്ങളുടെ പരിധിയിൽപ്പെട്ട വിദ്യാഭ്യാസത്തെ തട്ടിയെടുത്ത് കേന്ദ്രത്തിന് കീഴിൽ കൊണ്ടുവരുകയാണ്. പദ്ധതിയെ സി.പി.എം അടക്കം എല്ലാം ഇടതു പാർട്ടികളും നിരന്തരം എതിർത്തിട്ടുണ്ടെന്നും രാജ പറഞ്ഞു.
ഞങ്ങളെ ബോധ്യപ്പെടുത്തുമെന്ന് സി.പി.എം നേതാക്കൾ പറയുന്നുണ്ട്. ആരു ബോധ്യപ്പെടുത്തുമെന്ന് തങ്ങൾക്കറിയില്ല. സി.പി.എം നിലപാട് മാറ്റിയോ എന്ന് എം.എ. ബേബി പറയട്ടെ. ഒരു പാർട്ടിയും മുന്നണി മര്യാദ ലംഘിക്കരുത്. മന്ത്രി വി. ശിവൻകുട്ടിയുടെ നടപടി മുന്നണി മര്യാദകളുടെ ലംഘനമാണെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് രാജ പ്രതികരിച്ചു.
വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നടത്തുന്നത് അസംബന്ധ പ്രസ്താവനകളാണ്. എത്ര കോൺഗ്രസ് സർക്കാറുകൾ ഈ പദ്ധതി വേണ്ടാ എന്നു വെച്ചിട്ടുണ്ട്. കോൺഗ്രസ് അതു വിശദീകരിക്കണമെന്നും ഡി. രാജ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

