സിറിയക് ജോൺ; മലയോരമേഖലയുടെ വികസനത്തിനായി പ്രയത്നിച്ച നേതാവ്
text_fieldsകോഴിക്കോട്: അങ്കങ്ങളേറെ കണ്ട രാഷ്ട്രീയ ആചാര്യൻ വിശ്രമത്തിലാണ്. തുടർച്ചയായി നാലു വട്ടം ജയിക്കുകയും മൂന്നു വട്ടം തോൽക്കുകയും ചെയ്ത അപൂർവം നേതാക്കളിലൊരാളായ പി. സിറിയക് ജോണാണ് തെരഞ്ഞെടുപ്പാരവങ്ങളില്ലാതെ വീട്ടിലിരിക്കുന്നത്. പ്രായാധിക്യം കാരണമുള്ള ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും രാഷ്ട്രീയ വാർത്തകൾക്കായി ഇപ്പോഴും ഇദ്ദേഹം ചെവിയോർക്കാറുണ്ട്.
കോൺഗ്രസിലും എൻ.സി.പിയിലും പ്രവർത്തിച്ച ഈ കുടിയേറ്റ കർഷകനേതാവ് പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു. മലയോരമേഖലയുടെ വികസനത്തിനായി ഏറെ പ്രയത്നിച്ച നേതാവ് 1970ലാണ് ആദ്യമായി നിയമസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്. കൽപറ്റയിൽ കെ.കെ. അബുവിനെ തോൽപിച്ചായിരുന്നു തുടക്കം. '77ൽ തിരുവമ്പാടിയിൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ ജയിച്ചുകയറി. 1980ൽ ഇടതുമുന്നണിക്കൊപ്പം ആൻറണി കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ചു. '82ൽ കോൺഗ്രസ്- ഐയിലേക്ക് തിരിച്ചുവന്ന് തിരുവമ്പാടിയിൽ ഹാട്രിക് നേടി. കെ. കരുണാകരെൻറ മന്ത്രിസഭയിൽ 15 മാസം മന്ത്രിയുമായി.
പിന്നീട് ഒരിടവേളക്കുശേഷം '91ൽ തിരുവമ്പാടിയിൽ വീണ്ടും കോൺഗ്രസ് പരിഗണിച്ചു. തോൽവിയായിരുന്നു ഫലം. '96ലും 2001ലും തോറ്റതോടെ തെരഞ്ഞെടുപ്പ് ഗോദയിൽനിന്ന് പിന്മാറുകയായിരുന്നു. കോൺഗ്രസിൽ നിന്ന് തെറ്റി എൻ.സി.പിയിലേക്ക് പോയ സിറിയക്ജോൺ സംസ്ഥാന പ്രസിഡൻറ് പദവിയിലേക്കു വരെ ഉയർന്നിരുന്നു. എന്നാൽ, 2007ൽ ആയിരത്തോളം അനുയായികൾക്കൊപ്പം കോഴിക്കോട്ട് വെച്ച് കോൺഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു.
ഏഴു തവണ മത്സരിച്ച സിറിയക് ജോണിന് പാർലമെൻററി രാഷ്ട്രീയത്തിനൊപ്പം സഹകരണമേഖലയിലും തിളങ്ങാനായിട്ടുണ്ട്. മാർക്കറ്റ്ഫെഡിനെ ഏറെ നാൾ നയിച്ചു. താമരശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പദവിയിലും ഏറെനാളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ചൂടൊന്നും ബാധിക്കാതെ കോവൂരിൽ മകെൻറ വീട്ടിൽ പൂർണ വിശ്രമത്തിലാണ് ഇൗ ജനകീയ നേതാവ്. പിതാവിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മകൻ മനോജ് പി. സിറിയക് പറഞ്ഞു.
രാവിലെ ആറു മണി മുതൽ ടി.വിയിൽ വാർത്ത ചാനലുകൾ കാണും. ഇടക്കിടെ പഴയകാല സുഹൃത്തുക്കൾ വിളിക്കും. ഏറ്റവും അടുപ്പവും സ്നേഹവുമുള്ള എ.കെ. ആൻറണിയാണ് പ്രധാനമായും വിളിക്കുന്നത്. സിറിയക് ജോൺ കൈപിടിച്ചുയർത്തിയ ചില നേതാക്കളൊന്നും ബന്ധപ്പെടാറില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കില്ലെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. ഇത്തവണ 80 വയസ്സിന് മുകളിലുള്ളവർക്ക് തപാൽ വോട്ടായതിനാൽ ബൂത്തിൽ പോകാനിടയില്ല. പോളിങ് ബൂത്തിലെത്തി വരിനിന്ന് വോട്ടു ചെയ്യുന്നതാണ് ഇൗ കർഷക നേതാവിനിഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

