‘ഓഖി’: പ്രാഥമിക കണക്കിൽ എട്ടുകോടിയിലേറെ നഷ്ടം
text_fieldsതിരുവനന്തപുരം: ‘ഓഖി’ ചുഴലിക്കാറ്റിലും മഴയിലും സംസ്ഥാനത്ത് എട്ട് കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി റവന്യൂ വകുപ്പിെൻറ പ്രാഥമിക കണക്കുകൾ. 1126 വീടുകൾ തകർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ നഷ്ടം ഇതിലേറെ വന്നേക്കും. ദുരന്തത്തിൽ കടലിൽ തകർന്ന ബോട്ടുകളുടെ നഷ്ടവും റവന്യൂ വകുപ്പിെൻറ നഷ്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് മത്സ്യബന്ധന വകുപ്പാകും കണക്കാക്കുക.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകൾ തകർന്നത്. 579 വീടുകളാണ് ഇവിടെ നശിച്ചത്. 55 എണ്ണം പൂർണമായും 524 എണ്ണം ഭാഗികമായും തകർന്നു. എറണാകുളം ജില്ലയിൽ 374 വീടുകളാണ് തകർന്നത്. കൊല്ലം-138, ആലപ്പുഴ- 28, കോട്ടയം- ഒന്ന്, പാലക്കാട്- നാല്. കാസർകോട്- നാല് എന്നിങ്ങനെയാണ് തകർന്ന വീടുകളുടെ പ്രാഥമിക കണക്കുകൾ. ദുരന്തത്തിെൻറ വിശദമായ കണക്കുകൾ ശേഖരിക്കാൻ വില്ലേജ് ഓഫിസ് അധികൃതർക്ക് റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
എറണാകുളം ജില്ലയിൽ നാലു കോടിയിലേറെ രൂപയുടെ നഷ്ടവും തിരുവനന്തപുരം ജില്ലയിൽ രണ്ടരക്കോടിയോളം രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാകുന്നത്. എന്നാൽ, അനൗദ്യോഗികമായി നഷ്ടം ഇതിെൻറ ഇരട്ടിയിലേറെ വരും.
ആലപ്പുഴ, കൊല്ലം, തൃശൂർ, പത്തനംതിട്ട, മലപ്പുറം, പാലക്കാട് ജില്ലകളിലും കാര്യമായ നഷ്ടമുണ്ട്. കടലാക്രമണത്തെ തുടർന്നാണ് കൂടുതൽ നാശനഷ്ടം. കാറ്റിൽ മരങ്ങൾ കടപുഴകിയും മേൽക്കൂര പറന്നുപോയും മറ്റുമാണ് നാശം. സംസ്ഥാനത്താകെ തുറന്ന 32 ദുരിതാശ്വാസ ക്യാമ്പുകളിലായി 6335 പേരെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഇവിടെ 2648 പേരാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ 13 ക്യാമ്പുകളിലായി 2671 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കൊല്ലത്ത് 273 പേരെയും ആലപ്പുഴയിൽ 220 പേരെയും കോട്ടയത്ത് 120 പേരെയും ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. വയനാട് ജില്ലയിലെ വിവിധ മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പിൽ 527 പേരും കണ്ണൂരിൽ 49 പേരും കാസർകോട്ട് 27 പേരും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
