ഒാഖി ദുരന്തം: തിരിച്ചെത്താൻ ഇനി 201 പേർ
text_fieldsതിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിന് തൊട്ടുമുമ്പ് തിരുവനന്തപുരത്തുനിന്ന് കടലിൽ മീൻപിടിക്കാൻപോയ 201 പേർ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് ലത്തീൻ കത്തോലിക്ക അതിരൂപത. ഇക്കൂട്ടത്തിൽ ചെറുവള്ളങ്ങളിൽ മൽസ്യബന്ധനത്തിനുപോയി തിരിച്ചെത്താത്ത 108 പേരുടെ കാര്യത്തിൽ കടുത്ത ആശങ്കയുണ്ട്. അതിരൂപത പ്രതിനിധികളായ മോൺ. യൂജിൻ പെരേര, കേരള റീജനൽ ലാറ്റിൻ കാത്തലിക് കൗൺസിൽ പ്രസിഡൻറ് ഷാജി ജോർജ് എന്നിവർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയതാണ് ഇക്കാര്യം.
ചുഴലിക്കാറ്റിന് മുമ്പ് 375 ഒാളം പേരാണ് തിരുവനന്തപുരത്തുനിന്ന് മൽസ്യബന്ധനത്തിന് പോയത്. ഇവരിൽ 162 പേർ ജീവനോടെ മടങ്ങിവന്നു. ശേഷിക്കുന്നവരാണ് ഇനിയും മടങ്ങിയെത്താനുള്ളത്. ചെറുവള്ളങ്ങളിൽ മൽസ്യബന്ധനത്തിനുപോയ 108 പേരുടെ സുരക്ഷ സംബന്ധിച്ച് അവരുടെ ബന്ധുക്കളും നാട്ടുകാരും അതീവ ആശങ്കയിലാണ്. ഇവരടക്കമുള്ളവരെ കണ്ടെത്തുന്നതിന് തിരച്ചിൽ ഉൗർജിതമാക്കണം. അതിനു വ്യോമ, നാവിക സേനകളുടെ സേവനം കൂടുതൽ ഉപയോഗിക്കണം.
ചുഴലി കൊടുങ്കാറ്റിനെ സംബന്ധിച്ച വിവരം സർക്കാറിന് ലഭിച്ചിട്ടും അതു ജനങ്ങൾക്ക് നൽകാതിരുന്നതാണ് ദുരന്തത്തിെൻറ ആഴം കൂട്ടിയത്. ജി.പി.എസ് സംവിധാനം ഉപയോഗിച്ച് മുൻകൂട്ടി അപകട സാധ്യത അറിഞ്ഞതിനാൽ മര്യനാട് സ്വദേശികൾ അന്ന് മത്സ്യബന്ധനത്തിന് പോയില്ല. അതിനാൽ അവിടത്തുകാർ ആരും ദുരന്തത്തിൽ ഉൾപ്പെട്ടില്ല. സർക്കാർ സംവിധാനം ഉണർന്നു പ്രവർത്തിച്ചിരുെന്നങ്കിൽ മറ്റിടങ്ങളിലും ഇന്നത്തെ സ്ഥിതിവിശേഷം ഉണ്ടാകുമായിരുന്നില്ല. ദുരന്തം ഉണ്ടായശേഷവും സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായി. കലക്ടറും മറ്റും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകേണ്ടിയിരുന്നത് എയർഫോഴ്സ് വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ ആയിരുന്നില്ല. ജനങ്ങളുമായി ബന്ധപ്പെട്ടാണ് കലക്ടർ പ്രവർത്തിക്കേണ്ടിയിരുന്നത്.
ഒാഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ദുരന്തബാധിതർക്ക് ആത്മവിശ്വാസം പകരാൻ പ്രധാനമന്ത്രി കേരളം സന്ദർശിക്കുകയുംവേണം. പ്രധാനമന്ത്രി കേരളം സന്ദർശിക്കാൻ തയാറാകുന്നില്ലെങ്കിൽ അദ്ദേഹത്തെ ഉൾപ്പെടെ നേരിൽക്കണ്ട് ആശങ്ക അറിയിക്കും. ദുരന്തബാധിതർക്കായി 1000 കോടി രൂപയുടെ സഹായം പ്രഖ്യാപിക്കാൻ കേന്ദ്രം തയാറാകണം. ഒാഖി ദുരന്തത്തിനുശേഷമുള്ള സാഹചര്യം വിലയിരുത്താൻ തീരപ്രദേശത്തെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിക്കണം. തീരദേശ പ്രതിനിധികൾ കൂടി ഉൾപ്പെടുന്ന സർവകക്ഷി സംഘത്തെ ഡൽഹിക്ക് അയക്കണം. തീരദേശ മേഖലയുടെ സമഗ്രവികസനത്തിന് ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കാൻ ഇനിയെങ്കിലും കേന്ദ്രസർക്കാർ തയാറാകണം. തീരദേശ സേനകളിൽ 20 ശതമാനം തീദേശവാസികൾക്കായി മാറ്റിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
