ദുരിതാശ്വാസ ക്യാമ്പുകളിൽ 1,258 കുടുംബങ്ങൾ
text_fieldsകൊച്ചി: ഒാഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽ കയറ്റവും വെള്ളക്കെട്ടും കൊച്ചിയിൽ രണ്ട് ജീവനെടുത്തു. കണ്ണമാലി കാളിപ്പറമ്പിൽ റെക്സൻ (45), പാലപ്പറമ്പിൽ റീത്ത (62) എന്നിവരാണ് വെള്ളക്കെട്ടിൽ വീണും ദേഹാസ്വാസ്ഥ്യത്തെ തുടർന്നും മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ബന്ധുവീട്ടിൽനിന്ന് വരികയായിരുന്ന റീത്ത സ്വന്തം വീട്ടിലേക്ക് വെള്ളം കയറുന്നത് കണ്ട് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ശനിയാഴ്ച രാവിലെ ആറോടെയാണ് റെക്സണെ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടത്. ദുരിതാശ്വാസകേന്ദ്രത്തിലായിരുന്ന റെക്സൺ വീട്ടിലേക്ക് വരുന്ന വഴി വെള്ളക്കെട്ടിൽ വീണതാണെന്നാണ് നിഗമനം. മരിച്ചവരുടെ ബന്ധുക്കൾക്ക് 10,000 രൂപ വീതം അടിയന്തര ആശ്വാസ ധനം അനുവദിച്ചു.
അതേസമയം, 40ഒാളം േപരെ നാവിക സേനയും തീരസംരക്ഷണ സേനയും ചേർന്ന് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. 26 പേർ ജില്ലക്കും സംസ്ഥാനത്തിനും പുറത്തുള്ളവരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷിതരായി നാട്ടിലെത്തിക്കാൻ ജില്ല ഭരണകൂടം വാഹന സൗകര്യം ഒരുക്കി. തനിയെ നീന്തി രക്ഷപ്പെട്ട് കരക്കെത്തുകയും രക്ഷാപ്രവർത്തകർ കണ്ടെത്തുകയും ചെയ്ത പത്തുപേർ ആശുപ്രതിയിൽ ചികിത്സയിലാണ്.
തമിഴ്നാട്ടിലെ തേങ്ങാപട്ടണത്തുനിന്ന് നവംബർ 30ന് പുറപ്പെട്ട തോയ അന്തോണിയ എന്ന ബോട്ട് കൊച്ചിയിലെത്തി. തമിഴ്നാട്ടിൽ നിന്നുള്ള അദ്ഭുത മാതാവ് എന്ന ബോട്ട് മുങ്ങുന്നതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ബോട്ടിൽ കുടുങ്ങിയ പതിനൊന്ന് പേരെ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചതായി ജില്ല കലക്ടർ അറിയിച്ചു.
അതേസമയം, കടൽ കയറിയ തീരമേഖലയിൽനിന്ന് 1,258 കുടുംബങ്ങളിലെ 4,674 പേരെ ഏഴിടത്തായി ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി കലക്ടർ മുഹമ്മദ് ൈവ. സഫീറുല്ല അറിയിച്ചു. കൊച്ചി, ചെല്ലാനം, തോപ്പുംപടി, മുനമ്പം എന്നീ നാല് ഹാർബറുകളിൽ രജിസ്റ്റർ ചെയ്ത എല്ലാ ബോട്ടുകളും മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ബോട്ടുകൾ ഈ ഹാർബറുകളിൽ വന്നു പോകാറുണ്ടെങ്കിലും വ്യക്തമായ കണക്കുകളില്ല.
ചെല്ലാനം, ഫോർട്ട്കൊച്ചി, വൈപ്പിൻ, എടവനക്കാട്, ഞാറക്കൽ എന്നിവിടങ്ങളിലാണ് ഒാഖി കൂടുതൽ ദുരന്തം വിതച്ചത്. അഞ്ച് വീടുകൾ പൂർണമായും 369 വീടുകൾ ഭാഗികമായും തകർന്നതായാണ് കണക്ക്. 75 ഒാളം നാടൻ വള്ളങ്ങളും 200 ഒാളം മത്സ്യബന്ധന വലകളും നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
