‘മുരശ്’ ചുഴലിക്കാറ്റ് വില്ലനായി; തെലങ്കാനയിൽ കുടുങ്ങിയ ഇടുക്കി സ്കൂളിലെ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടൽ
text_fieldsതെലങ്കാനയിലെ സെക്കന്തരാബാദിൽ കുടുങ്ങിയ ഇടുക്കി സേനാപതി മാർ ബേസിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സംഘം
തിരുവനന്തപുരം: പഠനയാത്രയുടെ ഓർമകളുമായി നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിതമായി എത്തിയ ‘മുരശ്’ ചുഴലിക്കാറ്റ് യാത്ര മുടക്കി.
ഇടുക്കി സേനാപതി മാർ ബേസിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെ 91 അംഗ സംഘമാണ് തെലങ്കാനയിലെ സെക്കന്തരാബാദിൽ കുടുങ്ങിയത്. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇടപെടലുമായി കേരള സർക്കാർ രംഗത്തെത്തി.
ഒക്ടോബർ 31നാണ് സംഘം ട്രെയിൻ മാർഗം പഠനയാത്രക്കായി സെക്കന്തരാബാദിലേക്ക് പുറപ്പെട്ടത്. യാത്ര പൂർത്തിയാക്കി നവംബർ മൂന്നിന് ഉച്ചക്ക് 2.30ന് പുറപ്പെടുന്ന ട്രെയിനിൽ നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി.
താമസിച്ചിരുന്ന മുറികൾ ഒഴിഞ്ഞ് റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര തിരിക്കുന്നതിനിടെയാണ് ‘മുരശ്’ ചുഴലിക്കാറ്റിനെ തുടർന്നുള്ള സാഹചര്യം കണക്കിലെടുത്ത് ട്രെയിനുകൾ റദ്ദാക്കിയ വിവരം അറിയുന്നത്. ഇതോടെ സംഘത്തിന്റെ മടക്കയാത്ര അനിശ്ചിതത്വത്തിലായി.
അപ്രതീക്ഷിത പ്രതിസന്ധിയിൽ സംഘം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസുമായും ഇടുക്കി ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണുവുമായും ബന്ധപ്പെട്ടു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശ പ്രകാരം നോർക്ക റൂട്ട്സ് വഴി സംഘത്തിന് ആവശ്യമായ താമസസൗകര്യവും മടക്കയാത്രാ ക്രമീകരണങ്ങളും ഒരുക്കാൻ നടപടിയെടുത്തു.
നിലവിൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ റെയിൽ, റോഡ് ഗതാഗതം പ്രതിസന്ധിയിലാണ്. പ്രതികൂല കാലാവസ്ഥ മാറുന്ന മുറക്ക് റോഡ്, റെയിൽ മാർഗങ്ങളിലൂടെ സംഘത്തെ നാട്ടിലെത്തിക്കാനാണ് ശ്രമം. അതുവരെ സുരക്ഷിതമായ താമസവും ആവശ്യമായ സഹായങ്ങളും ഉറപ്പാക്കാനുള്ള നടപടികൾ തുടരുകയാണ്.
ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ നോർക്ക ഡെവലപ്മെന്റ് ഓഫിസർമാർ തെലങ്കാനയിലെ മലയാളി അസോസിയേഷനുകളുമായി സഹകരിച്ചാണ് സംഘത്തിന് സഹായങ്ങൾ ലഭ്യമാക്കുന്നത്.
പഠന യാത്രയുടെ അവസാനഘട്ടത്തിൽ അപ്രതീക്ഷിതമായി പ്രതിസന്ധി നേരിട്ടത്. കാലാവസ്ഥ അനുകൂലമാകുന്നതോടെ മടക്ക യാത്ര സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് സംഘം.

