ദിത്വ ചുഴലിക്കാറ്റ്: അലയൊലികൾ കേരളത്തിലും
text_fieldsനിലമ്പൂർ: തമിഴ്നാട്ടിലുണ്ടായ ദിത്വ ചുഴലിക്കാറ്റിന്റെ അലയൊലികൾ കേരളത്തിലെ വടക്കൻ ജില്ലകളിലും നേരിയതോതിൽ അനുഭവപ്പെട്ടു. ചുഴലിക്കാറ്റ് കാരണം കേരളത്തിന്റെ മിക്ക ജില്ലകളിലും വിവിധ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴ കനത്തുപെയ്യുമെന്ന് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, വടക്കൻ ജില്ലകളിൽ ശക്തികുറഞ്ഞ മഴയാണ് അനുഭവപ്പെട്ടത്.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ താപനില വളരെ കുറഞ്ഞു. പലയിടത്തും തണുത്തുമൂടിയ അന്തരീക്ഷമാണ്. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന മലപ്പുറം ജില്ലയുടെ ഗ്രാമങ്ങളിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ തരക്കേടില്ലാത്ത മഴ ലഭിച്ചു. വ്യാഴാഴ്ച രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. താപനിലയിൽ എട്ടു മുതൽ ഒമ്പതു ഡിഗ്രി സെൽഷ്യസ് വരെ കുറവ് രേഖപ്പെടുത്തി. വൃശ്ചികമാസത്തിലെ മഴ കാർഷികമേഖലയെയും മറ്റു ഫലവൃക്ഷങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കർഷകർ വലിയ ആശങ്കയിലാണ്.
നവംബർ 23ന് ചക്രവാതച്ചുഴിയായി കന്യാകുമാരി കടലിൽ ആരംഭിച്ച ദിത്വ ചുഴലിക്കാറ്റ് ദുർബലമായതായി കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മീറ്റിയറോളജിസ്റ്റ് രാജീവൻ എരികുളം പറഞ്ഞു. കേരളത്തെ കാര്യമായി ബാധിക്കില്ല. വിവിധ ജില്ലകളിൽ ഉച്ചക്കുശേഷം ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മഴ അടുത്ത രണ്ടു ദിവസംകൂടി തുടർന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

