ദിത്വ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികൾ തിരുവനന്തപുരത്തെത്തി
text_fieldsതിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ ദിത്വ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രളയത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ കുടുങ്ങിയ കേരളീയരായ 237പേര്‍ തിരുവനന്തപുരത്തെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊളബോയില്‍ നിന്ന് എത്തിയവരെ വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ സ്വീകരിച്ചു.
80ഓളം പേര്‍ കൂടി ഉടൻ തിരുവനന്തപുരത്തെത്തും. നിലവില്‍ ശ്രീലങ്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യന്‍ ഹൈകമീഷന്‍ ഒരുക്കിയ അടിയന്തര ഹെൽപ് ഡെസ്‌കില്‍ ബന്ധപ്പെടാം. സഹായത്തിനായി +94 773727832 (വാട്ട്സ് ആപ്പിലും ലഭ്യമാണ്) എന്ന നമ്പറില്‍ ബന്ധപ്പെടാം.
അതേസമയം, ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ശ്രീലങ്കയിലെ ജനങ്ങൾക്ക് ഇന്ത്യൻ വ്യോമസേന സഹായങ്ങൾ തുടരുകയാണ്. ദുരന്തബാധിത മേഖലയിൽ സഹായത്തിനും ദുരിതാശ്വാസമെത്തിക്കാനുമായി സി -130, ഐ.എൽ -76 എയർക്രാഫ്റ്റുകൾ വഴി അർധസൈനികരെ മേഖലയിൽ വ്യോമസേന വിന്യസിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലുള്ള രക്ഷാദൗത്യം തുടരുകയാണ്.
ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ 153 പേർ മരിക്കുകയും 191 പേരെ കാണാതാകുകയും ചെയ്തു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വീടുകളും റോഡുകളും നഗരങ്ങളുമെല്ലാം വെള്ളത്തിനടിയിലായി. കിഴക്കൻ ട്രിങ്കോമലി മേഖലയിൽ ആഞ്ഞടിച്ച ദിത്വ ചുഴലിക്കാറ്റിന് പിന്നാലെയാണ് പ്രളയവും മണ്ണിടിച്ചിലും ദ്വീപ് രാജ്യത്ത് നാശം വിതച്ചത്.
രാജ്യത്തുടനീളം 15,000 വീടുകൾ തകർന്നിട്ടുണ്ട്. കുഴിയൊഴിപ്പിക്കപ്പെട്ട 44,000 പേരെ താൽകാലിക ഷെൽട്ടറിലേക്ക് മാറ്റി. 12,313 കുടുംബങ്ങളെയും 43,991 പേരെയും പ്രളയവും മണ്ണിടിച്ചിലും ബാധിച്ചു. കൊളംബോയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ബദുള്ള, നുവാര എലിയ തുടങ്ങിയ തേയിലത്തോട്ട പ്രദേശങ്ങളിൽ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 25 ലധികം പേരാണ് മരിച്ചത്. നിരവധി പേരെ കാണാതാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

