ദിത്വ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികൾ തിരുവനന്തപുരത്തെത്തി
text_fieldsrepresentational image
തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ ദിത്വ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രളയത്തെത്തുടര്‍ന്ന് ശ്രീലങ്കയില്‍ കുടുങ്ങിയ കേരളീയരായ 237പേര്‍ തിരുവനന്തപുരത്തെത്തി.
ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊളബോയില്‍നിന്ന് എത്തിയവരെ വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ സ്വീകരിച്ചു. 80 ഓളം പേര്‍ കൂടി ഉടൻ തിരുവനന്തപുരത്തെത്തും.
നിലവില്‍ ശ്രീലങ്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യന്‍ ഹൈകമീഷന്‍ ഒരുക്കിയ അടിയന്തര ഹെൽപ് ഡെസ്‌കില്‍ ബന്ധപ്പെടാം. സഹായത്തിനായി +94 773727832 (വാട്ട്സ് ആപ്പിലും ലഭ്യമാണ്) എന്ന നമ്പറില്‍ ബന്ധപ്പെടാം.
മരണം 200 കവിഞ്ഞു; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
ശ്രീലങ്കയിൽ ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കെടുതികളിൽ മരണസംഖ്യ 200 കവിഞ്ഞതോടെ ശനിയാഴ്ച പ്രസിഡന്റ് അനുര കുമാര ദിസനായകെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 176 പേരെ കാണാതായിട്ടുണ്ട്. കെലാനി നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നതിനാൽ കിഴക്കൻ മേഖലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയിൽനിന്ന് കരകയറുകയാണ് ശ്രീലങ്ക.
അപകട മേഖലകളിലെ സ്കൂളുകളാണ് ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്. 833,985 പേരെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. ഇന്ത്യ, യു.എസ്, മാലദ്വീപ് എന്നീ രാജ്യങ്ങൾക്ക് പിന്നാലെ, ജപ്പാൻ ഇന്റർനാഷണൽ കോഓപറേഷൻ ഏജൻസിയുടെ സംഘം ശ്രീലങ്കയിലേക്ക് പോകുമെന്ന് ജാപ്പനീസ് എംബസി അറിയിച്ചു. ടെന്റുകൾ, പുതപ്പുകൾ തുടങ്ങിയ ദുരിതാശ്വാസ വസ്തുക്കളും ജപ്പാൻ നൽകും.
ഇന്ത്യയുടെ ഓപറേഷൻ സാഗർ ബന്ധുവിന്‍റെ ഭാഗമായി ശ്രീലങ്കയിൽ സഹായമെത്തിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന സി 130 ജെ വിമാനം കൂടി വിന്യസിച്ചു. ശനിയാഴ്ച 21 ടൺ ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൊളംബോയിൽ എം.ഐ 17 വി 5 ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഐ.എൻ.എസ് വിക്രാന്തും ഐ.എൻ.എസ് ഉദൈഗിരിയും ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ കൈമാറിയിരുന്നു. വിശാഖപട്ടണത്തിൽനിന്ന് ഐ.എൻ.എസ് സുകന്യയും പുറപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനക്ക് ആവശ്യമായ ഉപകരണങ്ങൾ വഹിച്ചുള്ള വിമാനം ഞായറാഴ്ച കൊളംബോയിൽ എത്തി. ശ്രീലങ്കയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനും ഈ വിമാനം ഉപയോഗിക്കും. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമീഷനും ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാരെ സഹായിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

