ബുർവി അടുത്തേക്ക്, അതിജാഗ്രത
text_fieldsതിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുർവി ചുഴലിക്കാറ്റിെൻറ സഞ്ചാരപാതയിൽ കേരളവും ഉൾപ്പെട്ടതോടെ അതിജാഗ്രതാ നിർദേശം. വെള്ളിയാഴ്ച പുലർച്ചയോടെ തെക്കൻ തമിഴ്നാട് തീരത്തെത്തുന്ന ചുഴലിക്കാറ്റ് ഉച്ചയോടെ തിരുവനന്തപുരം മേഖലയിലേക്ക് പ്രേവശിക്കുമെന്നാണ് മുന്നറിയിപ്പ്. അസാധാരണ സാഹചര്യത്തിലാണ് ചുഴലിക്കാറ്റ് രൂപംെകാണ്ടത് എന്നതിനാൽ കൃത്യമായ സഞ്ചാരപാതയെക്കുറിച്ച് വരുന്ന മണിക്കൂറുകളിൽ മാത്രമേ വ്യക്തതവരൂവെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എറണാകുളം എന്നീ ജില്ലകളിൽ ശക്തമായ മഴയും കാറ്റുമുണ്ടാകും. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിലും ഇടുക്കിയുടെ ചില ഭാഗങ്ങളിലും മണിക്കൂറിൽ 60 കി.മീറ്ററിന് മുകളിൽ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. എറണാകുളത്തും ഇടുക്കി ജില്ലയുടെ ശേഷിക്കുന്ന ഭാഗങ്ങളിലും 30-40 കിലോമീറ്റർ വേഗത്തിലാണ് കാറ്റിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിൽ 204.5 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരത്ത് കടലോരമേഖലയിൽനിന്നും ഉരുൾപ്പൊട്ടൽ സാധ്യത പ്രദേശത്തുനിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കും. മുഴുവൻ സർക്കാർ സംവിധാനങ്ങളോടും ജാഗ്രത പാലിക്കാനാണ് ദുരന്തനിവാരണ അതോറിറ്റി നിർദേശം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചു.
ബുർവി മുന്നറിയിപ്പുകളുടെ പാശ്ചാത്തലത്തിൽ പ്രധാനമന്ത്രി നേരന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി.
നെയ്യാര്‍, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറക്കാനും തീരുമാനമായി. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, അരുവിക്കര, കൊല്ലം ജില്ലയിലെ കല്ലട, ഇടുക്കി ജില്ലയിലെ മലങ്കര, കുണ്ടള, പാലക്കാട് ജില്ലയിലെ ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാര്‍, പോത്തുണ്ടി, വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമുകള്‍ തുറന്നുവിട്ടിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനുമുള്ള മുന്നറിയിപ്പുള്ളതിനാല്‍ ചുഴലിക്കാറ്റ് കടന്നുപോകുന്നതുവരെ ശബരിമല തീർഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.