നെടുമ്പാശ്ശേരിയിൽ വീണ്ടും അപകടം: കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു
text_fieldsഅങ്കമാലി: മൂന്നുപേർ കൊല്ലപ്പെട്ട മിനികൂപ്പർ അപകടത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് നെടുമ്പാശ്ശേരിയിൽ വീണ്ടും അപകടമരണം. നെടുമ്പാശ്ശേരി അത്താണിയിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരനായ സൈക്കിൾ യാത്രികനാണ് ജീവൻ നഷ്ടമായത്. നെടുമ്പാശ്ശേരി മേയ്ക്കാട് ആലുങ്ങക്കടവ് (തുരുത്ത് ) ആലുക്കൽ വീട്ടിൽ പരേതനായ ചാക്കപ്പൻ്റെ മകൻ എ.സി. രാജുവാണ് (64) മരിച്ചത്.
ദേശീയപാത അത്താണിയിൽ പഴയ അമല തിയറ്ററിന് സമീപം വ്യാഴാഴ്ച ഉച്ചക്ക് 11.15നായിരുന്നു അപകടം. അഞ്ച് വർഷത്തോളമായി സൈക്കിളിൽ ലോട്ടറി വിൽപന നടത്തി വരികയാണ് രാജു. ആലുവ ഭാഗത്തേക്ക് സൈക്കിളിൽ പോകുമ്പോഴായിരുന്നു അപകടം. റോഡിൽ തെറിച്ച് തലതല്ലി വീണ് ചോര വാർന്നൊഴുകി അവശനിലയിലായ രാജുവിനെ ഇടിച്ച കാറിൽ തന്നെ ദേശം സി.എ ആശുപത്രിയിലെത്തിച്ചെങ്കിലും നില വഷളായതിനെത്തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ വ്യാഴാഴ്ച സന്ധ്യയോടെ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
ഭാര്യ: ഏല്യാമ്മ. മക്കൾ: ആതിര, എയ്ഞ്ചൽ. മരുമക്കൾ: ജിന്റോ, അനീഷ്. അമ്മ: അന്നമ്മ. രാജുവിന്റെ സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് മേയ്ക്കാട് സെൻ്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

