കര്‍ഷക സമരത്തെ പിന്തുണച്ച് തൃശൂരില്‍ നിന്നും കന്യാകുമാരി വരെ സൈക്കിൾ യാത്ര
text_fieldsസിഖ് വേഷത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവാക്കൾക്ക് പിന്തുണയുമായി ഒറ്റയാൻ സമര പോരാളി സലീം പഴയകട
ബാലരാമപുരം: ഡൽഹിയിൽ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ സൈക്കിളില്‍ പ്രതിഷേധ സമരം നടത്തി. നാല് വിദ്യാര്‍ഥികളാണ് തൃശൂരിലെ ചെന്ത്രാപ്പിന്നി മുതൽ കന്യാകുമാരി വരെ 350 ലേറെ കിലോമീറ്റര്‍ സൈക്കില്‍ ചവിട്ടി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ഡിസംബർ 22ന് ആരംഭിച്ച യാത്ര വെള്ളിയാഴ്ച രാത്രിയോടെ കന്യാകുമാരിയിലെത്തും.
സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധത്തിനൊപ്പം ഇത്തരത്തിലുള്ള പ്രതിഷേധം അധികാരികളുടെ ശ്രദ്ധയിലെത്തുമെന്ന പ്രതീക്ഷയാണ് കിലോമീറ്റര്‍ താണ്ടി രണ്ട് സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടത്തിയത്. പ്ലസ്ടു വിദ്യാര്‍ഥികളുള്‍പ്പെടെ നാലുപേരടങ്ങുന്ന സംഘമാണ് കൂട്ടുകാരുടെ പിന്തുണയോടെ പ്ലക്കാര്‍ഡുമായി പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
പ്രതിഷേധത്തിന് വേണ്ടിയുള്ള യാത്രക്കായി സ്വന്തമായി സൈക്കിളില്ലാത്തവര്‍ക്ക് കൂട്ടുകാര്‍ ആവരുടെ സൈക്കിൾ നല്‍കിയാണ് സമരത്തിന് പിന്തുണയറിയിച്ചത്. മൂണ്‍ബൈക്ക് റൈഡര്‍ എന്ന സൈക്കിൾ ക്ലബ്ബിലെ അംഗങ്ങളാണ് നാലുപേരും. 25 പേരുടെ കൂട്ടായ്മയാണ് ഈ ക്ലബ്ബ്. പ്ലസ്ടു വിദ്യാര്‍ഥികളും എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളുമടങ്ങിയതാണ് സംഘം. മുമ്പും ഇവർ പല പ്രതിഷേധ സമരത്തിനും ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. നാട്ടുകാരുടെയും വീട്ടുകാരുടെയും പിന്തുണയോടെയാണ് പ്രതിഷേധ യാത്ര.
ചെന്ത്രാപ്പിന്നി സ്വദേശികളായ യാസീന്‍, അമീര്‍, ദുല്‍ഖിഫില്‍, ഹാരീസ് എന്നിവരാണ് പ്രതിഷേധ സമരവുമായി സൈക്കിൾ യാത്ര നടത്തുന്നത്. ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹിക്ക് പോകാനും പദ്ധതിയുണ്ടെന്നും ഇവര്‍ പറയുന്നു.
കര്‍ഷകര്‍ക്ക് വേണ്ടി വിദ്യാര്‍ഥികളായ തങ്ങള്‍ക്ക് ഇത്തരത്തിലുള്ള പ്രതിഷേധമാണ് സംഘടപ്പിക്കുവാന്‍ കഴിയുകയുള്ളുവെന്നും ഇവര്‍ പറയുന്നത്. ദിവസവും 100-120 കീലോമീറ്ററാണ് ഇവർ സൈക്കിൾ ചവിട്ടുന്നത്. തണുപ്പും വെയിലുമേറ്റ് കഴിയുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തുന്ന പ്രതിഷേധം അതേ മാതൃകയിലാകണമെന്നതാണ് തുടക്കത്തിലേ ഇവര്‍ തീരുമാനിച്ചത് അതുകൊണ്ട് യാത്രക്കിടയില്‍ റൂമും മറ്റും എടുക്കാതെ ബസ് സ്റ്റാൻഡുകളിലും വഴിയരികിലുമാണ് ഇവരുടെ ഉറക്കം. ബാലരാമപുരത്തെത്തിയ സംഘത്തിന് ഒറ്റയാന്‍ സമര നായകന്‍ സലീം സ്വീകരണം നല്‍കി.