അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു; തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്
text_fieldsകൊച്ചി: അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യൂട്യൂബറായ തൊപ്പിക്കെതിരെ എറണാകുളം റൂറൽ സൈബർ പൊലീസ് ഐ.ടി. നിയമപ്രകാരം കേസെടുത്തു. സുഹൃത്തുകളുടെ നഗ്ന വിഡിയോയാണ് തൊപ്പി പോസ്റ്റ് ചെയ്തതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തേ തന്നെ തൊപ്പിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് പൊലീസിന്റെ നടപടി.
ഡി.ജി.പി രവേഡ ചന്ദ്രശേഖറാണ് തൊപ്പിക്കും സംഘത്തിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന സൈബർ ഓപ്പറേഷൻസ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണച്ചുമതല. പോക്സോ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് ഉപയോഗവും വിതരണവും, മാനസികവും ശാരീരികവുമായ പീഡനങ്ങൾ, അശ്ലീല പ്രചാരണം, മറ്റു സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിൽ സൈബർ പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. തൊപ്പിയും കൂട്ടാളികളും ചേർന്ന് തന്റെ കുടുംബത്തെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കാനും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കാനും ശ്രമിച്ചുവെന്ന ആരോപണവുമായി ഗായകൻ ഹനാൻ ഷായും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
അതേസമയം, വരുന്ന തലമുറയുടെ ഭാവി തകർക്കുന്ന ക്രിമിനലുകൾക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അഡ്വ. ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചു. അന്വേഷണത്തിന് ഉത്തരവിട്ട വാർത്തയോടുള്ള പ്രതികരണമായാണ് അദ്ദേഹത്തിന്റെ കുറിപ്പ്. പരസ്യമായി അശ്ലീല പ്രദർശനവും സ്ത്രീവിരുദ്ധതയും ക്രിമിനൽ കുറ്റങ്ങളും വിളിച്ചുപറഞ്ഞിട്ടും എന്തുകൊണ്ടാണ് സൈബർ പൊലീസും അധികാരികളും ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

