ഫാസ്ടാഗ് റീചാർജിനിടെ തട്ടിപ്പ്: കാറുടമക്ക് നഷ്ടമായത് 99,997 രൂപ
text_fieldsബംഗളൂരു: റോഡും പാലവും ഉപയോഗിക്കുന്ന വാഹനങ്ങളിൽനിന്ന് ടോൾ ഈടാക്കാനുള്ള സംവിധാനമായ ഫാസ്ടാഗ് റീചാർജ് ചെയ്യുന്നതിനിടെ ഓൺലൈൻ തട്ടിപ്പ് സംഘം കാറുടമയുടെ 99,997 രൂപ തട്ടിയെടുത്തു. ഇൻറർനെറ്റിൽ ലഭ്യമായ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് ഫാസ്ടാഗ് അക്കൗണ്ട് റീചാർജ് ചെയ്യുന്നതിനിടെയാണ് തട്ടിപ്പ് നടന്നത്.
കർണാടക ബ്രഹ്മവാര സ്വദേശിയായ ഫ്രാൻസിസ് പയസിനാണ് പണം നഷ്ടമായത്. ബ്രഹ്മവാരയിൽ നിന്ന് മംഗളൂരുവിലേക്ക് കാറിൽ പോകവേ ഫാസ്ടാഗിൽ ബാലൻസ് കുറഞ്ഞത് ശ്രദ്ധയിൽപെട്ട ഫ്രാൻസിസ്, ഹെജമാടിയിലെ ടോൾ പ്ലാസ എത്തുന്നതിന് മുമ്പ് റീചാർജ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതിനായി ഇൻറർനെറ്റിൽ തിരയുന്നതിനിടെ ലഭിച്ച ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിക്കുകയായിരുന്നു.
ഫോൺ എടുത്തയാൾ പേടിഎം ഫാസ്ടാഗിന്റെ പ്രതിനിധിയാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. സഹായിക്കാമെന്ന് ഉറപ്പുനൽകിയ ഇയാൾ മൊബൈൽ ഫോണിൽ ലഭിച്ച ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) പങ്കിടാൻ ഫ്രാൻസിസ് പയസിനോട് ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ പാലിച്ച പയസ്, ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുകയും തനിക്ക് ലഭിച്ച ഒടിപി പങ്കിടുകയും ചെയ്തു.
എന്നാൽ, മിനിറ്റുകൾക്കകം അക്കൗണ്ടിൽനിന്ന് 99,997 രൂപ നഷ്ടപ്പെട്ടു. ആദ്യം, 49,000 രൂപയും പിന്നീട് 19,999 രൂപ, 19,998 രൂപ, 9,999 രൂപ, 1,000 രൂപ എന്നിങ്ങനെയുമാണ് നഷ്ടമായത്.
ഉടൻ തന്നെ ഉഡുപ്പി സി.ഇ.എൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഐടി നിയമത്തിലെ സെക്ഷൻ 66 (സി), 66 (ഡി) എന്നിവ പ്രകാരം സൈബർ തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരന്റെ പണം ഏത് ബാങ്ക് അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ഉഡുപ്പി സിഇഎൻ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മഞ്ജുനാഥ് പറഞ്ഞു.
ഫാസ്ടാഗ്
റോഡുകളിലും പാലങ്ങളിലും ടോൾ ശേഖരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നടത്തുന്ന ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനമാണ് ഫാസ്ടാഗ്. വാഹനങ്ങളുടെ വിൻഡ്‌സ്‌ക്രീനിൽ ഘടിപ്പിക്കുന്ന ഫാസ്ടാഗിൽനിന്ന് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടോൾ പിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

