മമ്മൂട്ടിയെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിത സൈബർ ആക്രമണം; മുഖ്യമന്ത്രിക്ക് പരാതി
text_fieldsആലുവ: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടയിൽ നടൻ മമ്മൂട്ടി സി.പി.എം ജില്ല സെക്രട്ടറി റഫീഖിനോട് നടത്തിയ സംഭാഷണത്തിന്റെ പേരിൽ മമ്മൂട്ടിയെ സമൂഹ മാധ്യമത്തിൽ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടും ഒരു വിഭാഗം ആസൂത്രിതമായി നടത്തുന്ന സൈബർ ആക്രമണത്തിനെതിരെ കേസ് എടുക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി. മമ്മൂട്ടിക്ക് എതിരായ സൈബർ ആക്രമണം തടയണമെന്ന് പരാതിയിൽ ഹൈകോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു.
മമ്മൂട്ടി സംഭാഷണത്തിനിടയിൽ റഫീഖിനെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചുവെന്നുള്ള അടിസ്ഥാന രഹിത ആരോപണമാണ് ഉയർത്തുന്നത്. ഇത് ഒരു വിഭാഗത്തിന്റെ ഗൂഡാലോചനയുടെ ഭാഗമാണ്. സ്വന്തം അഭിപ്രായം പൊതു പ്രവർത്തകനായ റഫീഖിനോട് പറയാൻ മമ്മൂട്ടിക്ക് അവകാശമുണ്ടെന്നും അതിൽ എതിർപ്പുണ്ടെന്ന് റഫീഖ് വ്യക്തമാക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു.
പൊതു പ്രവർത്തന രംഗത്ത് വളരെ തിരക്കുള്ള റഫീഖ് അത്തരം കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തേണ്ട സമയം തന്നോടൊപ്പം അനാവശ്യമായി ചെലവാക്കി കളയണ്ടയെന്ന മമ്മൂട്ടിയുടെ അഭിപ്രായത്തെ ഒരു വിഭാഗം മോശമായി പ്രചരിപ്പിക്കുകയും ഇതിന്റെ മറവിൽ മമ്മൂട്ടിയെ സമൂഹ മാധ്യമത്തിൽ അപമാനിക്കുകയും ചെയ്യുകയാണെന്നും പരാതിക്കാരൻ പറഞ്ഞു.
രാഷ്ട്രീയ-ജാതി-മത വ്യത്യാസമില്ലാതെ പൊതു സമൂഹം അംഗീകരിക്കുകയും രാജ്യം ബഹുമതി നൽകി ആദരിക്കുകയും ചെയ്ത മമ്മൂട്ടിക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം തടയണമെന്നും കേസ് എടുത്ത് തുടർ നടപടി സ്വീകരിക്കണമെന്നും കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

