സൈബർ ആക്രമണം: സി.പി.എം വനിതാ നേതാവിന്‍റെ പരാതിയിൽ കേസ്; ആലുവ പൊലീസ് മൊഴി രേഖപ്പെടുത്തി
text_fieldsകെ.ജെ. ഷൈൻ
ആലുവ: സൈബർ ആക്രമണത്തിൽ സി.പി.എം വനിതാ നേതാവിന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ്. കെ.ജെ. ഷൈനിന്‍റെ പരാതിയിലാണ് ആലുവ പൊലീസ് ആണ് കേസെടുത്തത്. പറവൂരിലെ വീട്ടിലെത്തിയ സൈബർ പൊലീസ് ഷൈനിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തി. സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന വനിത കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് കെ.ജെ. ഷൈൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തന്റെ പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ എല്ലാ തെളിവുകളും സഹിതം പരാതി നല്‍കുമെന്നന്നും ഷൈൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു കെ.ജെ. ഷൈൻ.
അതേസമയം, രാഹുൽ വിവാദത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് തനിക്കെതിരെ കോൺഗ്രസ് അപവാദ പ്രചാരണം നടത്തുന്നതെന്ന് കെ.ജെ. ഷൈൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് അറിയാതെ തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉയരില്ല. കോൺഗ്രസിന്റെ നിസഹായവസ്ഥയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് അവർ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്കിടെ ഒരു ബോംബ് വരുന്നുണ്ടെന്ന് കോൺഗ്രസ് പ്രാദേശിക നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് പിന്നാലെ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. എന്നാൽ, തന്റെ പേരെടുത്ത് പറയാതെയായിരുന്നു പോസ്റ്റർ. അതുകൊണ്ട് പരാതി നൽകിയില്ല. എന്നാൽ, പിന്നീട് കടുത്ത സൈബർ ആക്രമണം ഉണ്ടായതോടെ പൊലീസിൽ ഉൾപ്പടെ പരാതിപ്പെടുകയായിരുന്നു. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്. അപവാദപ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ലെന്നും ഷൈൻ പറഞ്ഞു. ആരോപണങ്ങൾ ഉയർന്നതിന് ശേഷം ഒരു കോൺഗ്രസ് നേതാവും വിളിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഷൈന് നേരെയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് തന്നെയാണെന്ന് ഭർത്താവ് ഡൈനസ് തോമസ് പറഞ്ഞു. നാട്ടിൽ എല്ലാവരും സൗഹാർദപരമായിരുന്നു പോയിരുന്നത്. ഇപ്പോൾ വ്യത്യസ്തമായിട്ടാണ് ഇങ്ങനെയൊരു ആക്രമണം നടക്കുന്നത്. സ്ത്രീ എന്ന നിലക്ക് അംഗീകരിക്കാൻ സാധിക്കാത്തതാണ് സൈബർ ആക്രമണം. മ്ലേച്ഛകരമായ പോസ്റ്റുകളാണ് വന്നത്. രാഷ്ട്രീയപരമായും ആശയപരമായും ആശയപരമായും വിയോജിപ്പ് ഉണ്ടാകാം.
എന്നാൽ, ഇത് അങ്ങനെയല്ല. വ്യക്തിപരമായ അധിക്ഷേപമാണ്. കേരളത്തിന്‍റെ രാഷ്ട്രീയ സാഹചര്യമെന്ന് പറയുന്നത് ഒരു എം.എൽ.എയുമായി ദബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ്. സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത പ്രശ്നങ്ങളാണിത്. അതിൽ നിന്ന് ശ്രദ്ധതിരിക്കാമെന്ന ഉദ്ദേശ്യമാണോ ഇത്തരത്തിൽ ഒരു നീക്കം നടത്തിയതെന്ന് സംശയമുണ്ടെന്നും ഡൈനസ് പറഞ്ഞു.
സി.പി.എം എം.എൽ.എയെ വനിത നേതാവിന്റെ വീട്ടിൽവെച്ച് ഭർത്താവും നാട്ടുകാരും ചേർന്ന് പിടികൂടി എന്ന തരത്തിൽ ഒരു പത്രത്തിൽ വന്ന വാർത്തയോട് ചേർത്ത് വെച്ചാണ് കെ.ജെ. ഷൈനിനെ അപമാനിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് അനുകൂല ഹാൻഡിലുകളാണ് ഇവ പ്രചരിപ്പിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തക, ജനപ്രതിനിധി, അധ്യാപക സംഘടന നേതാവ് എന്നീ തലങ്ങളില്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തന്നെക്കുറിച്ചും തന്റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചുദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തിൽ വ്യപകമായി വ്യാജ കുപ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നതായി കെ.ജെ ഷൈൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

