കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണം: കോൺഗ്രസ് നേതാവ് അറസ്റ്റിൽ
text_fieldsകെ.ജെ. ഷൈൻ
ആലുവ: സി.പി.എം നേതാവ് കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണക്കേസിൽ പറവൂരിലെ കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണനെ എറണാകുളം റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒന്നാംപ്രതിയാണ് ഗോപാലകൃഷ്ണൻ. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതി നിർദേശപ്രകാരം ഗോപാലകൃഷ്ണനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
കേസുമായി ബന്ധപ്പെട്ട് നേരത്തേ ഇയാളുടെ മൊബൈൽ ഫോൺ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തീർപ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും പൊലീസ് അറിയിച്ചിരുന്നു. അപവാദ പ്രചാരണം നടത്തിയ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കുകയും ചെയ്തു. അക്കൗണ്ട് നീക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം മെറ്റക്ക് കത്ത് നൽകിയതിന് പിന്നാലെയായിരുന്നു നടപടി.
നേരത്തെ സി.പി.എം നേതാവ് കെ.ജെ. ഷൈനിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ യൂട്യൂബർ കെ.എം. ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം റൂറൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങമനാട് പൊലീസ് തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
സൈബർ ആക്രമണത്തിനെതിരെ ഷൈൻ നൽകിയ പരാതിയെക്കുറിച്ച് ഷാജഹാന് അധിക്ഷേപ പരാമർശം നടത്തിയിരുന്നു. എഫ്.ഐ.ആറിനെക്കുറിച്ച് അവരുടെ പേര് പറഞ്ഞാണ് ഷാജഹാൻ വീഡിയോ ചെയ്തത്. ഷാജഹാനെ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

