അതിജീവിതക്കെതിരെ സൈബർ അധിക്ഷേപം; രാഹുൽ ഈശ്വർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി, പൊലീസ് സ്റ്റേഷനിൽ പാർപ്പിക്കും
text_fieldsതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. തിരുവനന്തപുരം എ.ആർ. ക്യാമ്പിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് തിരുവനന്തപുരം സൈബർ പൊലീസ് രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബി.എൻ.എസ് പ്രകാരം ജാമ്യമില്ലാ വകുപ്പ് കൂടി രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. സ്ത്രീക്കെതിരെ ലൈംഗികച്ചുവയോടും അധിക്ഷേപത്തോടെയുമുള്ള പരാമർശം നടത്തിയെന്നാണ് പുതുതായി ചുമത്തിയ കുറ്റം. രാത്രി തന്നെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം രാഹുലിനെ സൈബർ പൊലീസ് സ്റ്റേഷനിൽ പാർപ്പിക്കും. നാളെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.
യുവതി നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വൈകിട്ട് സൈബർ പൊലീസ് പൗഡിക്കോണത്തെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു. ഇതുപ്രകാരം സ്വന്തം വാഹനത്തിൽ ഭാര്യക്കൊപ്പമാണ് രാഹുൽ എ.ആർ. ക്യാമ്പിലെത്തിയത്. തുടർന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാഹുലിന്‍റെ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൂടാതെ, യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്ത ലാപ്ടോപ് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തന്‍റെ കൈവശമില്ലെന്നും ഓഫിസിലാണെന്നും രാഹുൽ മറുപടി നൽകി. ചാനൽ ചർച്ചകൾ വഴി പരാതിക്കാരിയായ യുവതിയെ അപമാനിക്കുന്ന തരത്തിൽ പരാമർശനങ്ങൾ നടത്തുകയും യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തെന്നാണ് രാഹുൽ ഈശ്വർക്കെതിരായ ആക്ഷേപം.
അതേസമയം, ലൈംഗിക പീഡനക്കേസിൽ കേസെടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി. പരാതിക്കാരിയായ യുവതി ഫ്ലാറ്റിലെത്തിയ ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘം സെക്യൂരിറ്റി റൂമിൽ പരിശോധന നടത്തിയത്. എന്നാൽ, അന്വേഷണ സംഘത്തിന്‍റെ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട സി.സി.ടിവി ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് വിവരം.
അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍ എന്നിവരെ ഉൾപ്പെടെ പ്രതി ചേർത്താണ് പൊലീസ് കേസെടുത്തത്. മഹിള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഡ്വ. ദീപ ജോസഫ്, ദീപ ജോസഫ് (ഫേസ്ബുക്ക് അക്കൗണ്ട്) എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. സന്ദീപ് വാര്യര്‍ നാലാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്. ഇതിൽ രാഹുല്‍ ഈശ്വറിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റുകൾ പങ്കുവെച്ച പേരെടുത്ത് പറയാത്തവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവയുടെ യു.ആർ.എൽ ലിങ്കുകൾ പരാതിക്കാരി നൽകിയിട്ടുണ്ട്. സൈബർ അധിക്ഷേപ പരാതിയിൽ ഓരോ ജില്ലകളിലും കേസെടുക്കാൻ എ.ഡി.ജി.പി വെങ്കിടേഷ് നിര്‍ദേശം നൽകി. അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തി, സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങിയ പരാതികളിൽ ഐ.ടി ആക്ട് 43, 66, ബി.എൻ.എസ് 72, 79 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
യുവതിയുടെ സ്വത്വം വെളിപ്പെടുത്തുന്ന തരത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അനുയായികളും കോൺഗ്രസ് അനുകൂല ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങളും നടത്തിയ സൈബർ ആക്രമണത്തിനെതിരെ അതിജീവിത പരാതി നൽകിയിരുന്നു. തുടർന്ന് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്ന് കേസെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

