പാപ്പച്ചൻ പടിയിറങ്ങി; ഒാർമക്കായി പൊലീസ് അക്കാദമി കാമ്പസിൽ 36 പ്ലാവുകൾ വളരും
text_fieldsരാമവർമപുരം പൊലീസ് അക്കാദമി കാമ്പസിൽ പാപ്പച്ചൻ പ്ലാവിൻ തൈ നടുന്നു
തൃശൂർ: കാൽപന്തുകളിയിലെ വിസ്മയ ചലനങ്ങൾ കൊണ്ട് കാണികളെ ത്രസിപ്പിച്ച സി.വി. പാപ്പച്ചൻ പൊലീസ് ജീവിതത്തിൽനിന്ന് വിരമിച്ചു. കേരളത്തിെൻറ സുരക്ഷ സേനയെ വാർത്തെടുക്കുന്ന രാമവർമപുരം പൊലീസ് അക്കാദമി കാമ്പസിൽ തണലൊരുക്കാൻ 36 പ്ലാവിൻ തൈകൾ നട്ടാണ് പാപ്പച്ചൻ പടിയിറങ്ങിയത്.
പൊലീസിൽ പാപ്പച്ചൻ സേവനമനുഷ്ഠിച്ച 36 വർഷങ്ങളെ പ്രതീകമാക്കിയാണ് 36 തൈകൾ നട്ടത്. പാപ്പച്ചെൻറ കളിക്കൂട്ടുകാരൻ കേച്ചേരിയിലെ 'ആയുർ ജാക്ക്' ഫാം ഉടമ വർഗീസ് തരകനാണ് വ്യത്യസ്ത ഇനം തൈകൾ സമ്മാനിച്ചത്. ഐ.എം. വിജയൻ ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ സാക്ഷിയായി.
ഇന്ത്യൻ ഫുട്ബാൾ ടീമിെൻറ നായകനായിരുന്ന പാപ്പച്ചൻ കേരള പൊലീസ് ടീമിെൻറയും കുന്തമുനയായിരുന്നു. 1986 മുതൽ 1996 വരെ സന്തോഫ് ട്രോഫിയിൽ കേരളത്തിനായി ബൂട്ട് കെട്ടി. 92ലും 93ലും കേരളത്തെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
നിരവധി തവണ രാജ്യത്തിനായി കുപ്പായമണിഞ്ഞ പാപ്പച്ചൻ നായകനായും തിളങ്ങി. എ.എസ്.ഐ ആയി പൊലീസിൽ ചേർന്ന് എസ്.പി റാങ്കിലാണ് വിരമിക്കുന്നത്. ഗോൾ കീപ്പർമാരെ പരിശീലിപ്പിക്കുന്ന അക്കാദമിയാണ് പാപ്പച്ചെൻറ ഇനിയുള്ള ലക്ഷ്യം. ഒപ്പം ഇഷ്ട വിനോദങ്ങളായ പാഞ്ചാരിമേളത്തിലെയും സാക്സോഫോൺ വാദനത്തിലെയും തുടർ പരിശീലനവും.