സി.വി. പത്മരാജന്‍റെ സംസ്കാരം വൈകിട്ട് കൊല്ലം പരവൂരിലെ കുടുംബ വീട്ടിൽ; ഉച്ചവരെ പൊതുദർശനം
text_fieldsകൊല്ലം: മുൻ മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന അഡ്വ. സി.വി. പത്മരാജൻ സംസ്കാരം ഇന്ന് വൈകിട്ട് പരവൂരിലെ കുടുംബ വീട്ടിൽ. മൃതദേഹം കൊല്ലം ആനന്ദവല്ലീശ്വരത്തെ വസന്ത വിഹാറിൽ വ്യാഴാഴ്ച ഉച്ചവരെ പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് ഒന്നിന് കൊല്ലം സഹകരണ അർബൻ ബാങ്കിൽ പൊതുദർശനം.
അവിടെ നിന്ന് കൊല്ലം ഡി.സി.സി ഓഫിസിലേക്ക് കൊണ്ടുവരും. ഉച്ചകഴിഞ്ഞ് മൂന്നരക്ക് വിലാപ യാത്രയായി മൃതദേഹം പരവൂരിലെ കുടുംബ വീട്ടിലെത്തിക്കും. വൈകുന്നേരം നാലിന് കുടുംബ വീടിനോടു ചേർന്ന് സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടക്കും.
ബുധനാഴ്ച വൈകീട്ട് ആറോടെയായിരുന്നു അഡ്വ. സി.വി. പത്മരാജന്‍റെ അന്ത്യം. 1982ൽ ചാത്തന്നൂരിൽ നിന്ന് ആദ്യമായി പത്മരാജന്‍ നിയമസഭയിലെത്തി. കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമ വികസന, ഫിഷറീസ് മന്ത്രിയായി. മന്ത്രിസഭയിൽ നിന്ന് രാജിവെച്ചാണ് കെ.പി.സി.സി പ്രസിഡന്റായത്. ഈ കാലത്താണ് ഇന്ദിരാഭവൻ സ്ഥിതി ചെയ്യുന്ന സ്ഥലം അദ്ദേഹത്തിന്റെ പേരിൽ വാങ്ങിയത്. 1991ൽ വീണ്ടും വിജയിച്ച് മന്ത്രിയായി. വൈദ്യുതി- കയർ വകുപ്പുകളാണ് കൈകാര്യം ചെയ്തത്.
1991ൽ കെ. കരുണാകരൻ അപകടത്തിൽപെട്ട് അമേരിക്കയിൽ ചികിത്സക്ക് പോയപ്പോൾ ഏതാനും മാസം ആക്‌ടിങ് മുഖ്യമന്ത്രിയായി. 1994ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ ധനം-കയർ- ദേവസ്വം മന്ത്രിയായും പ്രവർത്തിച്ചു. കുറച്ചു കാലം ആസൂത്രണ ബോർഡ് വൈസ് ചെയർമാനുമായി. കൊല്ലം സഹകരണ അർബൻ ബാങ്കിന്റെ സ്ഥാപകരിൽ പ്രധാനിയാണ്. 2006ലെ നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ കെ.പി.സി.സി നിയോഗിച്ച കമീഷൻ ചെയർമാനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

