ചാൻസലറുടെയും വി.സിമാരുടെയും അധികാരം വെട്ടൽ: വിവാദ ബില്ലുകൾ ഇന്ന് സഭയിൽ
text_fieldsതിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാല വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽനിന്ന് ചാൻസലറായ ഗവർണറെ പൂർണമായി പുറന്തള്ളുന്നതിനുള്ള ബില്ലും 13 സർവകലാശാലകളിൽ സിൻഡിക്കേറ്റ് യോഗം വിളിക്കുന്നതിൽ വി.സിമാർക്കുള്ള അധികാരം നിയന്ത്രിക്കാനുള്ള രണ്ട് ബില്ലുകളും ഉൾപ്പെടെ ആറ് പ്രധാന ബില്ലുകൾ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ, മലയാള ഭാഷ ബിൽ, കേരള പൊതുസേവനാവകാശ ബിൽ എന്നിവയാണ് മറ്റുള്ളവ.
കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, കാലടി, കുസാറ്റ്, കെ.ടി.യു, മലയാളം, ഓപൺ, വെറ്ററിനറി, ആരോഗ്യ, ഫിഷറീസ്, കാർഷിക സർവകലാശാലകളിലെ സിൻഡിക്കേറ്റിന്റെ/ നിർവാഹക സമിതിയുടെ യോഗം രണ്ട് മാസത്തിലൊരിക്കൽ വി.സി വിളിക്കണമെന്ന വ്യവസ്ഥയാണ് കൂട്ടിച്ചേർക്കുന്നത്. മൂന്നിലൊന്ന് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാൽ ഏഴ് ദിവസത്തിനകം വി.സി സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന വ്യവസ്ഥയും കൂട്ടിച്ചേർക്കുന്നുണ്ട്. വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽനിന്ന് ചാൻസലറായ ഗവർണറുടെ പ്രതിനിധിയെ ഒഴിവാക്കുന്നതാണ് ഡിജിറ്റൽ സർവകലാശാല നിയമത്തിൽ കൊണ്ടുവരുന്ന പ്രധാന ഭേദഗതി.
ഐ.ടി/ ഇലക്ട്രോണിക്സ് മേഖലയിൽനിന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നാമനിർദേശം ചെയ്യുന്ന പ്രഗൽഭനായ അക്കാദമീഷ്യൻ കൺവീനറാകുന്ന സെർച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി, സർവകലാശാല ബോർഡ് ഓഫ് ഗവേണേഴ്സ് പ്രതിനിധി, ഐ.ടി/ ഇലക്ട്രോണിക്സ് മേഖലയിൽനിന്ന് കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ നാമനിർദേശം ചെയ്യുന്ന പ്രതിനിധി, ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്ന് സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്ന പ്രതിനിധി എന്നിവരടങ്ങിയതാണ് സെർച് കമ്മിറ്റി. ചാൻസലറായ ഗവർണർക്ക് സെർച് കമ്മിറ്റിയിൽ പ്രതിനിധി ഇല്ല.
വി.സി നിയമനത്തിനുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിക്കണമെന്നും സെർച് കമ്മിറ്റിക്ക് മൂന്ന് പേരടങ്ങിയ പാനൽ ഐകകണ്ഠേനയോ ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായമോ അനുസരിച്ച് തയാറാക്കി ചാൻസലർക്ക് സമർപ്പിക്കാമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. വി.സി നിയമനത്തിനുള്ള പ്രായപരിധി 70 വയസ്സാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. മലയാളത്തെ ഔദ്യോഗിക ഭാഷയാക്കാനും മലയാള ഭാഷ വികസന വകുപ്പും പ്രത്യേക ഡയറക്ടറേറ്റും രൂപവത്കരിക്കാനും ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് മലയാളം ബിൽ അവതരിപ്പിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പത്താം ക്ലാസ് വരെ നിർബന്ധിത ഒന്നാം ഭാഷ മലയാളം ആക്കാനും എല്ലാ സ്കൂളുകളിലും മലയാള ഭാഷ വ്യാപനം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. തമിഴ്, കന്നട ഭാഷ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രത്യേക വ്യവസ്ഥകളും ബില്ലിലുണ്ട്. ഡിജിറ്റൽ റീസർവേ പൂർത്തിയാക്കി രേഖകൾ പ്രാബല്യത്തിൽവരുന്ന ഘട്ടത്തിൽ വ്യക്തിക്ക് അധിക ഭൂമി കൈവശമുണ്ടെങ്കിൽ വ്യവസ്ഥകളോടെ ഉടമസ്ഥാവകാശ സാക്ഷ്യപത്രം അനുവദിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് അധിക ഭൂമി ക്രമവത്കരണ ബിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

