
കൊല്ലത്തും മരംകൊള്ള; മുറിച്ചത് വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാസ് പോലും ഇല്ലാതെ
text_fieldsകൊല്ലം: ജില്ലയിലും മരംകൊള്ള നടന്നതായി റിപ്പോർട്ട്. മൂന്ന് താലൂക്കുകളിലായി നൂറോളം സംരക്ഷിത വൃക്ഷങ്ങൾ മുറിച്ചുനീക്കിയതായി തഹസിൽദാർമാരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തി.
പതിച്ചുനൽകിയ ഭൂമിയിൽ െവച്ചുപിടിപ്പിച്ചതും കിളിർത്തുവന്നതുമായ മരങ്ങൾ മുറിച്ചുനീക്കാമെന്ന വിവാദ ഉത്തരവിെൻറ മറവിലാണ് ജില്ലയിലും നടന്നത്. മരംകൊള്ള നടന്നിട്ടില്ലെന്നായിരുന്നു ജില്ലയിലെ റവന്യൂ വിഭാഗം ആദ്യ റിപ്പോർട്ട് നൽകിയത്.
വനം വകുപ്പ് നടത്തിയ പരിശോധനയിൽ മരങ്ങൾ മുറിച്ചു നീക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് റവന്യൂ വകുപ്പ് വീണ്ടും പരിശോധന നടത്തിയത്. പത്തനാപുരം താലൂക്കിലെ പിറവന്തൂർ, പിടവൂർ, പുനലൂർ താലൂക്കിലെ ആര്യങ്കാവ്, കുളത്തൂപ്പുഴ, ആയിരനല്ലൂർ, തിങ്കൾകരിക്കം, ഏരൂർ, തെന്മല, കൊട്ടാരക്കര താലൂക്കിലെ നെടുവത്തൂർ, ചിതറ വില്ലേജുകളിലാണ് മരം മുറിച്ചുകടത്തിയത്.
വിവാദ ഉത്തരവിെൻറ അടിസ്ഥാനത്തിൽ പാസ് പോലും ഇല്ലാതെയാണ് മുറിച്ചതെന്നാണ് നിഗമനം. ഒന്നര മീറ്റർ വരെ ചുറ്റളവുള്ള ഈട്ടിമരങ്ങൾ വരെ മുറിച്ചുമാറ്റിയിട്ടുണ്ടെന്നാണ് വിവരം.
