കൊച്ചി: യു.എ.ഇ കോൺസുലേറ്റ് ജനറലിന്‍റെ ഗൺമാൻ എസ്.ആർ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. വെള്ളിയാഴ്ച നാടകീയമായി ആത്മഹത്യക്ക് ശ്രമിച്ച ജയഘോഷ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് നിഗമനം. വധഭീഷണിയുണ്ടെന്ന ഇയാളുടെ പരാതി പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. സ്വകാര്യ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞാലുടൻ കസ്റ്റംസ് ചോദ്യം ചെയ്യും. ഇയാളുടെ സുഹൃത്ത് മുൻ ഐ.ബി ഉദ്യോഗസ്ഥൻ നാഗരാജും കസ്റ്റംസിന്‍റെ നിരീക്ഷണത്തിലാണ്. യു.എ.ഇ കോൺസുലേറ്റിലെ ഡ്രൈവറെ കസ്റ്റംസ് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കസ്റ്റംസിന്‍റെ പ്രാഥമിക പട്ടികയിൽ കോൺസുലേറ്റിലെ ഗൺമാനായ ജയഘോഷിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഉദ്ദേശിച്ചിരുന്നില്ല. കാണാതാകുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെക്കുകയും പിന്നീടുണ്ടായ ആത്മഹത്യ ശ്രമവുമൊക്കെയാണ് അന്വേഷണത്തിലേക്ക് ഇയാളെ കൂടി ചേർക്കാൻ കാരണമായത്. മൂന്ന് വർഷമായി കോൺസുലേറ്റിൽ ജോലി ചെയ്യുന്ന ഇയാൾ സ്വപ്ന സുരേഷിന്‍റെ വിശ്വസ്തൻ ആയിരുന്നുവെന്നാണ് വിവരം. ഐ.ടി വകുപ്പിൽ നിയമിക്കുന്നതിന് മുമ്പ് സ്വപ്നയെ കുറിച്ച് ചോദിച്ചറിയാൻ എത്തിയ പോലീസ് സ്പെഷ്യൽ ബ്രാഞ്ച് സംഘവുമായി ജയഘോഷ് സഹകരിച്ചില്ല.
മൂന്ന് മാസം മുമ്പ് കോൺസുൽ ജനറൽ യു.എ.ഇയിലേക്ക് മടങ്ങിയെങ്കിലും ജയഘോഷ് തിരികെ എ.ആർ ക്യാമ്പിൽ റിപ്പോർട്ട് ചെയ്തില്ല. പകരം അടുത്ത ചുമതലയുള്ള അറ്റാഷെയുടെ ഒപ്പം കൂടുകയായിരുന്നു. അറ്റാഷെയും സ്ഥലം വിട്ടതോടെ തനിക്ക് നേരെയും അന്വേഷണമുണ്ടാകുമെന്ന് ജയഘോഷ് ഭയപ്പെട്ടു.