വാഹന നികുതി: ദുൽഖർ, പൃഥ്വിരാജ് അടക്കമുള്ള താരങ്ങളുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ്
text_fieldsആഡംബര വാഹന നികുതി സംബന്ധിച്ച് കസ്റ്റംസ് അധികൃതർ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ പരിശോധന നടത്തുന്നു
കൊച്ചി: ഭൂട്ടാനിൽനിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് പഴയ വാഹനങ്ങൾ കടത്തുന്നുവെന്ന പരാതിയെത്തുടർന്ന് നടന്ന രാജ്യവ്യാപക പരിശോധനയിൽപെട്ട് മലയാളത്തിലെ മുൻനിര താരങ്ങൾ. പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരുടെ കൊച്ചിയിലെ വസതികളിലാണ് കസ്റ്റംസിന്റെ (പ്രിവന്റിവ്) നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശോധന നടന്നത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വ്യവസായ പ്രമുഖരുടെയും മറ്റും വീടുകളിലും പരിശോധന നടന്നു.
ദുൽഖറിന്റെ രണ്ട് വാഹനങ്ങളുൾപ്പെടെ കേരളത്തിൽനിന്ന് 36 വാഹനങ്ങൾ പിടികൂടി. അമിത്തിന്റെ എട്ട് വാഹനങ്ങൾ ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. ഓപറേഷൻ നുംഖോർ എന്ന പേരിലായിരുന്നു പരിശോധന. നുംഖോർ എന്നാൽ ഭൂട്ടാൻ ഭാഷയിൽ വാഹനം എന്നാണർഥം.
കസ്റ്റംസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മോട്ടോർ വാഹന വകുപ്പും എ.ടി.എസും പൊലീസും സഹകരിച്ചു. ഭൂട്ടാനിൽനിന്ന് ഈ വാഹനങ്ങൾ അനധികൃതമായി എത്തിച്ചതിൽ വാഹന ഉടമകൾക്ക് പങ്കുണ്ടോയെന്നും മറ്റും പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് പ്രിവന്റിവ് കമീഷണർ ഡോ. ടിജു തോമസ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
കൊച്ചി, കോട്ടയം, തിരുവനന്തപുരം, അടിമാലി, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു മണിക്കൂറുകൾ നീണ്ട പരിശോധന. പിടിച്ചെടുത്ത വാഹനങ്ങളെല്ലാം ഭൂട്ടാനിൽനിന്ന് കടത്തിക്കൊണ്ടു വന്നതാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
എന്നാൽ, ഭൂട്ടാൻ പട്ടാളത്തിന്റെ വാഹനങ്ങളാണോയെന്ന് വിശദ പരിശോധനക്ക് ശേഷമേ വ്യക്തമാകൂ. ഇത്തരത്തിൽ എത്തിക്കുന്ന വാഹനങ്ങളെല്ലാം ഉന്നതരാണ് സ്വന്തമാക്കിയിട്ടുള്ളത്. 200ഓളം വാഹനങ്ങൾ ഇങ്ങനെ കേരളത്തിൽ തന്നെയുണ്ടെന്നാണ് സൂചന. ദുൽഖർ സൽമാന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ വാഹനങ്ങളാണ് സംഘം പിടിച്ചെടുത്തത്. പൃഥ്വിരാജിന്റെ വാഹനങ്ങൾ കണ്ടെത്താനായിട്ടില്ല. ഇരുവർക്കും നോട്ടീസ് നൽകി വിളിച്ചുവരുത്തും.
ദുൽഖറിന്റെ വാഹനങ്ങൾ ഗാരേജിൽ ഉണ്ടോയെന്നറിയാനാണ് മമ്മൂട്ടിയുടെ വീട്ടിൽ പരിശോധന നടത്തിയതെന്ന് കമീഷണർ പറഞ്ഞു. വാഹനം കൊണ്ടുവന്നതിൽ ഉടമകളുടെ പങ്ക് തെളിഞ്ഞാൽ അതിനനുസരിച്ചുള്ള നിയമനടപടികൾ സ്വീകരിക്കും. മാധ്യമങ്ങൾക്ക് മുന്നിൽ കമീഷണറുടെ വിശദീകരണം നീണ്ടതോടെ അദ്ദേഹത്തെ മുകളിൽനിന്ന് ഫോണിൽ ബന്ധപ്പെടുകയും തുടർന്ന് വാർത്തസമ്മേളനം അവസാനിപ്പിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

