കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ജനം ടി.വി കോഓഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ സംശയനിഴലിൽ. കസ്റ്റംസ് അനിലിനെ നാലേമുക്കാൽ മണിക്കൂർ ചോദ്യംചെയ്തു. മൊഴിയിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. സ്വപ്ന സുരേഷിെൻറ മൊഴിയുമായി ഒത്തുനോക്കിയശേഷം അനിൽ നമ്പ്യാരെ വീണ്ടും വിളിപ്പിക്കും.
സ്വർണം പിടികൂടിയ ജൂലൈ അഞ്ചിന് രാവിലെ അനിൽ നമ്പ്യാർ പ്രതി സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ചതാണ് സംശത്തിനിടയാക്കിയത്. സ്വർണം വിട്ടുകിട്ടുന്നതിന് ഇടപെട്ടുവോ എന്നാണ് അന്വേഷിക്കുന്നത്. എന്തൊക്കെയാണ് സംസാരിച്ചതെന്ന ചോദ്യത്തിന്, സംഭവം സംബന്ധിച്ച വാർത്ത ശേഖരിക്കാനാണ് വിളിച്ചതെന്നാണ് അനിൽ നമ്പ്യാരുടെ വിശദീകരണം.
പിടിച്ചെടുത്ത സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്ര പാർസലല്ലെന്നും വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്നും കോൺസൽ ജനറൽ കത്ത് നൽകിയാൽ രക്ഷപ്പെടാമെന്ന് അനിൽ നമ്പ്യാർ സ്വപ്ന സുരേഷിന് ഉപദേശം നൽകിയതായാണ് കസ്റ്റംസ് സംശയിക്കുന്നത്. സ്വര്‍ണം കടത്തിയ കുറ്റം സരിത്തിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെടണമെന്ന് നിർദേശിച്ചതായും സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ കസ്റ്റംസ് വരുംദിവസങ്ങളിൽ വ്യക്തത വരുത്തും.