‘ഭൂട്ടാനിൽനിന്ന് വാഹനം കടത്തുന്നത് വൻ തട്ടിപ്പുസംഘം, പരിവാഹൻ വെബ്സൈറ്റിൽ ഉൾപ്പെടെ തിരിമറി; പിടിച്ചെടുത്തത് 36 വാഹനങ്ങൾ’
text_fieldsകസ്റ്റംസ് കമീഷണർ ടിജു തോമസ്, കസ്റ്റംസ് സംഘം ദുൽഖറിന്‍റെ കൊച്ചിയിലെ വസതിയിൽ പരിശോധന നടത്തിയപ്പോൾ
കൊച്ചി: ഭൂട്ടാനിൽനിന്ന് രാജ്യത്തേക്ക് വാഹനം കടത്തുന്നത് വലിയ തട്ടിപ്പുസംഘമാണെന്നും പരിവാഹൻ വെബ്സൈറ്റിൽ ഉൾപ്പെടെ ഇവർ തിരിമറി നടത്തുന്നുണ്ടെന്നും കസ്റ്റംസ് കമീഷണർ ടിജു തോമസ്. ഇന്ത്യൻ ആർമിയുടെയും അമേരിക്കൻ എംബസികളുടെയും പേര് ഉപയോഗിച്ചും വ്യാജരേഖ ചമച്ചുമാണ് വാഹനം രജിസ്റ്റർ ചെയ്യുന്നത്. അനധികൃതമായി കടത്തിയ 150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിലുണ്ടെന്ന് കണ്ടെത്താൻ സാധിച്ചു. ഇതിൽ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. പരിശോധന നടത്തിയ സ്ഥലങ്ങളിൽ നികുതി വെട്ടിപ്പും കണ്ടെത്തിയെന്ന് കസ്റ്റംസ് കമീഷണർ വാർത്തസമ്മേനത്തിൽ അറിയിച്ചു.
ഭൂട്ടാനിൽനിന്ന് വാഹനങ്ങൾ ഇന്ത്യയിൽ അനധികൃതമായി എത്തിക്കുന്നതാണ് തട്ടിപ്പു സംഘത്തിന്‍റെ രീതി. 90 ശതമാനം വാഹനങ്ങളും കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് കൊണ്ടുവന്നതെന്ന് കണ്ടെത്തി. വാഹനങ്ങൾ കടത്തുന്നതിന്‍റെ മറവിൽ സ്വർണവും ലഹരി മരുന്നും എത്തിക്കുന്നതായി സംശയമുണ്ട്. പരിവാഹൻ വെബ്സൈറ്റിൽ വരെ ഇവര്‍ കൃത്രിമം കാണിച്ചിട്ടുണ്ട്. രാജ്യ സുരക്ഷക്കുവരെ ഭീഷണിയാണ് ഇത്തരം നീക്കങ്ങൾ. നിയമവിരുദ്ധമായാണ് വാഹനങ്ങളുടെ വിൽപ്പന നടക്കുന്നത്. നടൻമാരുടെ മൊഴിയെടുക്കുമെന്നും വാഹനം വാങ്ങിയവരുടെ പങ്ക് അനുസരിച്ചാകും തുടർ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ നേരിട്ട് ഹാജരാകണം. പിഴ അടച്ച് കേസ് തീര്‍ക്കാൻ കഴിയില്ല. ദുൽഖര്‍ സൽമാനും അമിത് ചക്കാലക്കലും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നൽകും. വിദേശത്തുനിന്ന് യൂസ്ഡ് കാർ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധം എന്ന് ബോധ്യപ്പെട്ടാണ് 36 വാഹനങ്ങൾ പിടിച്ചെടുത്തത്. ദുൽഖറിന്‍റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തുവെന്നും കസ്റ്റംസ് കമീഷണർ വ്യക്തമാക്കി. ഓപറേഷൻ നുംഖോർ എന്ന പേരിലാണ് കസ്റ്റംസ് സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച പരിശോധന നടത്തിയത്. കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പരിശോധന നടത്തിയത്.
മലയാള സിനിമ താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. മലയാളത്തിലെ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ എത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
കേരളത്തിലെ ഏതാനും സിനിമ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വ്യവസായികളും ഇത്തരത്തില്‍ നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്നിട്ടുള്ള വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. ഭൂട്ടാനില്‍നിന്ന് സൈന്യം ലേലം ചെയ്ത എസ്.യു.വികളും മറ്റും ഇടനിലക്കാര്‍ കുറഞ്ഞ വിലയിൽ വാങ്ങുകയും ഇവ ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ശേഷം ഉയര്‍ന്ന വിലക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുകയായിരുന്നു. നികുതി വെട്ടിച്ച് എത്തിയിട്ടുള്ള വാഹനങ്ങള്‍ കസ്റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റുകള്‍ പിടിച്ചെടുത്തേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

