പാവറട്ടി കസ്റ്റഡി മരണം: മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
text_fieldsതൃശൂർ: കഞ്ചാവുമായി പിടിയിലായ മലപ്പുറം സ്വദേശി രഞ്ജിത് കസ്റ്റഡിയിൽ വെച്ച് മരിച്ച സംഭവത്തിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എക്സൈസ് പ്രിവൻറിവ് ഓഫിസർമാരായ അബ്ദുൾ ജബ്ബാർ, ജി. അനൂപ് കുമാർ, എക്സൈസ് ഓഫീസർ നിധിൻ എം. മാധവ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
യുവാവ് മരിച്ച സംഭവത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്ത സംഘത്തിലെ എട്ടുപേരെ സസ്പെൻഡ് ചെയ്തിരുന്നു. അഡീഷണൽ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഇവരെ കമീഷണർ സസ്പെൻഡ് ചെയ്തത്
എട്ട് പേരടങ്ങുന്ന സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെങ്കിലും പൊലീസിൽ നിന്ന് എക്സൈസിലെത്തിയ രണ്ട് പേരാണ് ഇയാളെ കടുത്ത മർദ്ദനത്തിനിരയാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇവർക്കെതിരെ കൊലകുറ്റം ചുമത്താൻ പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
രണ്ട് കിലോ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത രഞ്ജിത്ത് ചൊവ്വാഴ്ചയാണ് മരിച്ചത്. പാവറട്ടി സാൻ ജോൺസ് ആശുപത്രിയിൽ രഞ്ജിത്തിനെ മരിച്ച നിലയിലാണ് എത്തിച്ചത്.
