കസ്റ്റഡി മർദനം: വനം ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
text_fieldsകൊച്ചി: ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന കേസിൽ ഒമ്പത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഹൈകോടതി താൽക്കാലികമായി തടഞ്ഞു. ഇടുക്കി ഫോറസ്റ്റർ വി. അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി.സി. ലെനിൻ, ജിമ്മി ജോസഫ്, ഷിജി രാജ്, ഫോറസ്റ്റ് വാച്ചർമാരായ കെ.എൻ. മോഹനൻ, കെ.ടി. ജയകുമാർ, കെ.എൻ. സന്തോഷ്, കെ.എസ്. ഗോപാലകൃഷ്ണൻ, ടി.കെ. ലീലാമണി എന്നിവരെ അറസ്റ്റ് ചെയ്യുന്നതാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് തടഞ്ഞത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവർ നൽകിയ ഹരജി രണ്ടുമാസത്തിന് ശേഷം പരിഗണിക്കാനും മാറ്റി.
സെപ്റ്റംബർ 20നാണ് ആദിവാസി വിഭാഗത്തിൽപെട്ട സരുൺ സജിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കിഴുക്കാനം ഫോറസ്റ്റ് സെക്ഷനിൽനിന്ന് കാട്ടിറച്ചിയുമായി പിടികൂടിയത്. കള്ളക്കേസിൽ കുടുക്കിയതാണെന്നാരോപിച്ച് സരുൺ നൽകിയ പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

