കുസാറ്റില്‍ റാഗിങ് ഭയന്ന് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsകളമശ്ശേരി: കൊച്ചി സര്‍വകലാശാലയില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ റാഗിങ് ഭയന്ന് ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ ഒന്നാം സെമസ്റ്റര്‍ സിവില്‍ എന്‍ജിനീയര്‍ വിദ്യാര്‍ഥി കോഴിക്കോട് കുറ്റ്യാടി സ്വദേശി മുഹമ്മദ് ഷെറിനാണ് (19) ആത്മഹത്യക്ക് ശ്രമിച്ചത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് വിദ്യാര്‍ഥിയെ ഇടപ്പള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടുകയും ഹോസ്റ്റലിലെ താമസക്കാരായ എല്ലാ ബി.ടെക്കുകാരോടും ഒഴിഞ്ഞുപോകാന്‍ സര്‍വകലാശാല ആവശ്യപ്പെടുകയും ചെയ്തു. ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ മാവേലി നഗറിലെ സ്വകാര്യ ഹോസ്റ്റലിലാണ് വിദ്യാര്‍ഥി കൈത്തണ്ട മുറിച്ചത്. റാഗിങ് ഭയന്നാണ് ആത്മഹത്യശ്രമമെന്ന് സഹപാഠികള്‍ പറഞ്ഞു. കുറിപ്പ് എഴുതിവെച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ‘എനിക്ക് ഇവിടെ പഠിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ക്ളാസില്‍ മറ്റുള്ളവരുടെ മുന്നില്‍ പട്ടിയെ തല്ലുന്നതുപോലെ തല്ലിച്ചതച്ചു. പിന്നെയും എന്നെ ഭീഷണിപ്പെടുത്തി. ഉപ്പക്കും ഉമ്മക്കും വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’ എന്ന് കുറിപ്പിലുണ്ട്.
കഴിഞ്ഞ 22ന് ഒന്നാം വര്‍ഷക്കാരെ സ്വീകരിക്കുന്ന ചടങ്ങിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 23ന് എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ ഷെറിന്‍ ക്ളാസില്‍ കയറിയതാണ് സംഭവത്തിനിടയാക്കിയതെന്ന് സഹപാഠികള്‍ പറഞ്ഞു. ആക്രമണം ഭയന്ന് ഷെറിന്‍ 23 മുതല്‍ ക്ളാസില്‍ കയറിയിരുന്നില്ല. കൂട്ടുകാരുടെ നിര്‍ബന്ധത്താലാണ് ചൊവ്വാഴ്ച ക്ളാസില്‍ പോയത്.
പോകുംവഴി സൈബീരിയ ഹോസ്റ്റലില്‍ ഒരുവിഭാഗം മുതിര്‍ന്ന വിദ്യാര്‍ഥികള്‍ തടഞ്ഞുനിര്‍ത്തി ഷെറിനെ വീണ്ടും ഭീഷണിപ്പെടുത്തി. ഇതില്‍ മനംനൊന്ത ഷെറിന്‍ ക്ളാസില്‍നിന്ന് തിരിച്ച് ഹോസ്റ്റലിലത്തെി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ സമരത്തിനുശേഷം ഒരുപറ്റം വിദ്യാര്‍ഥികള്‍ അധ്യാപകരുടെയും സഹപാഠികളുടെയും മുന്നില്‍വെച്ച് ക്ളാസില്‍നിന്ന് വലിച്ചിഴച്ച് വരാന്തയിലിട്ട് മര്‍ദിച്ചതായി അന്നുതന്നെ ഷെറിന്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. മര്‍ദിച്ചവരുടെ പേര് സഹിതമാണ് പരാതി നല്‍കിയത്. റാഗിങ്ങിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതുകൂടാതെ പൊലീസിനും പരാതി നല്‍കിയിട്ടും ഫലം ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
