സാംസ്കാരിക പ്രവർത്തകർ കൂലി എഴുത്തുകാരായി; പാര്‍ട്ടി പറയുന്നത് കേട്ട് ജീവിക്കുന്ന ഒരു മനുഷ്യൻ മാത്രമാണ് സ്വരാജെന്നും ജോയ് മാത്യു
text_fieldsകോഴിക്കോട്: പുസ്തകം എഴുതിയതുകൊണ്ടോ സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാംസ്‌കാരിക പ്രവര്‍ത്തകരാവില്ലെന്നും സാംസ്‌കാരിക പ്രവര്‍ത്തനം സാംസ്‌കാരിക ഇടപെടലാണെന്നും നടനും എഴുത്തുകാരനുമായ ജോയ് മാത്യു. കോഴിക്കോട് ഡി.സി.സി ഓഫിസിൽ സി.കെ.ജി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസികളും ആശാ വര്‍ക്കര്‍മാരും സമരം ചെയ്യുമ്പോഴും അത് കണ്ടില്ലെന്ന് നടിക്കുന്നവർ സാംസ്‌കാരിക പ്രവര്‍ത്തകരാണെന്ന് താന്‍ കരുതുന്നില്ല. ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ഇടപെടുന്നവരാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍. അല്ലാത്തവര്‍ കൂലി എഴുത്തുകാരാണ്. കൂലി എഴുത്തുകാരും കൂലി സാംസ്‌കാരിക പ്രവര്‍ത്തകരും നിലമ്പൂരില്‍ എത്തിയപ്പോള്‍ നിലമ്പൂരിലെ ജനം അത് തിരിച്ചറിഞ്ഞെന്നും ജോയ് മാത്യു പരിഹസിച്ചു.
എം. സ്വരാജ് നല്ല വ്യക്തിയും പ്രാസംഗികനും നല്ല പാര്‍ട്ടിക്കാരനുമാണ്. പക്ഷേ, നല്ല പൊതുപ്രവര്‍ത്തകനല്ല. ഏത് പൊതുപ്രവര്‍ത്തനത്തിലാണ് സ്വരാജ് നിലപാട് എടുത്തിട്ടുള്ളത്? 42 കാറിന്റെ അകമ്പടിയില്‍ പോകുന്ന രാജാവിനെ ഏതെങ്കിലും രീതിയില്‍ വിമര്‍ശിച്ചതായി തനിക്കറിയില്ല. കേരളത്തില്‍ നടന്ന ഏതെങ്കിലും സമരങ്ങളില്‍ സ്വരാജ് നിലപാട് പറഞ്ഞതായും അറിയില്ല. പാര്‍ട്ടി പറയുന്നത് കേട്ട് ജീവിക്കുന്ന ഒരു മനുഷ്യൻ മാത്രമാണ് സ്വരാജ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.വി. അന്‍വറിനെ മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നിലപാട് പ്രശംസനീയമാണ്. ആ നിലപാടിലെ കണിശതയാണ് യു.ഡി.എഫിന്‍റെ വിജയം. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുക, ജയിക്കുക എന്നതല്ല. നിലപാട് എടുക്കുന്നതാണ് പ്രധാനം. അതിന് ഉറപ്പായും റിസൽട്ടുണ്ടാകുമെന്നും ജോയ് മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

