ആശുപത്രി നവീകരണത്തിന് സി.എസ്.ആര് ഫണ്ടുകൾ -ആരോഗ്യമന്ത്രി
text_fieldsകോഴിക്കോട്ട് കായകൽപ്പം ജനസമ്പർക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നതിനിടെ മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം ചെയ്യുന്ന വെർച്വൽ ഓട്ടോപ്സി സംവിധാനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ശേഷം സീറ്റിലേക്ക് മടങ്ങുന്ന മന്ത്രി കെ. മുരളീധരന് പൂവ് നൽകുന്ന ഷാഫി പറമ്പിൽ എം.പി. എം.എൽ.എമാരായ കെ. ജയന്ത്, കെ. പ്രവീൺകുമാർ എന്നിവർ സമീപം - പി. അഭിജിത്ത്
കോഴിക്കോട്: മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും കെട്ടിടം പണിയാനും മറ്റു സാമ്പത്തിക സഹായങ്ങൾക്കും അംഗീകൃത സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ.
ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘കായകല്‍പ്പം’ ജനസമ്പര്‍ക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയുടെ നവീകരണത്തിന് പരമാവധി ഫണ്ടുകള്‍ വിനിയോഗിക്കും. സർക്കാർ ആശുപത്രികളെ സഹായിക്കാൻ മുന്നോട്ടുവരുന്ന സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തണം. ഇതിനെ സ്വകാര്യവത്കരണമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ധവള പത്രത്തിലെ പണംകൊണ്ട് എന്തുചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ആരോഗ്യരംഗം തകർത്ത് തരിപ്പണമാക്കിവെച്ചിരിക്കുകയാണ്. മരുന്നുകൾക്കും ഉപകരണങ്ങൾക്കുമായി വിതരണക്കാർക്ക് നൽകാനായി വൻ സാമ്പത്തിക ബാധ്യതയാണുള്ളത്. കാരുണ്യ സുരക്ഷ പദ്ധതിയിലെ ക്ലെയിമുകളിൽ ആശുപത്രികൾക്ക് മാത്രം 2017 കോടി കൊടുക്കാനുണ്ട്. കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡിന് നൽകാനുള്ള കുടിശ്ശിക 476 കോടിയായി ഉയർന്നു.
നിലവിലെ കിഫ്ബി പദ്ധതികൾ നിർത്തുന്നില്ലെന്നും പുതിയ പദ്ധതികൾ തുടങ്ങുന്നത് സംബന്ധിച്ച് യു.ഡി.എഫിൽ ആലോചിച്ച ശേഷം നയപരമായി തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
വെള്ളയില്‍ മീനൂസ് ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കെ. ജയന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.. ഷാഫി പറമ്പിൽ എം.പി, എം.എല്‍.എമാരായ അഡ്വ. കെ. പ്രവീണ്‍കുമാര്‍, പാറക്കല്‍ അബ്ദുല്ല, എം.എ. റസാഖ് മാസ്റ്റര്‍, അഡ്വ. വിദ്യാ ബാലകൃഷ്ണന്, കെ.എം. അഭിജിത്ത്, വി.ടി. സൂരജ്, സി.കെ. കാസിം, ഫൈസല്‍ ബാബു, ഫാത്തിമ തഹ്ലിയ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, കോഴിക്കോട് കോര്പറേഷന് കൗണ്‍സിലര്‍ സഫറി വെള്ളയില്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന്, ഐ.എസ്.എം ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഹോമിയോ ഡയറക്ടര്‍ ഡോ. ഡോ. എം.പി. ബീന, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.പി. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കലക്ടർ എം.എസ്. മാധവിക്കുട്ടി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

