പിതൃസഹോദരന്റെ ക്രൂരമർദനം; അഞ്ചുവയസ്സുകാരന്റെ തലയോട്ടി പൊട്ടി
text_fieldsഅറസ്റ്റിലായ ഇംദാദുൽ ഹഖ്
തൊടുപുഴ: അഞ്ചുവയസ്സുകാരെന പിതാവിെൻറ സഹോദരൻ ക്രൂരമർദനത്തിനിരയാക്കി. തലയോട്ടി പൊട്ടിയനിലയിൽ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവം ഉള്ളതിനാൽ കുട്ടി 24 മണിക്കൂർ നിരീക്ഷണത്തിലാെണന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സംഭവത്തിൽ അസം സ്വദേശി ഇംദാദുൽ ഹഖിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഉണ്ടപ്ലാവിൽ വാടകക്ക് താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളിയുടെ മകനായ അഞ്ചുവയസ്സുകാരനെ ഇവരുടെ വീട്ടിലെത്തിയ പിതൃസഹോദരൻ മർദിക്കുകയായിരുന്നു.
കുട്ടിയെ കഴുത്തിൽ പിടിച്ച് തൂക്കിയെടുത്ത് വരാന്തയിലേക്ക് എറിഞ്ഞെന്നാണ് അയൽക്കാരുടെ മൊഴി. തറയിൽ തല ഇടിച്ചാണ് കുട്ടി വീണത്. വെള്ളിയാഴ്ച ൈവകീട്ട് നാലോടെയാണ് സംഭവം. നാട്ടുകാർ ഇടപെടുകയും കുട്ടി ഛർദിക്കുകയും ചെയ്തപ്പോൾ രാത്രി എട്ടോടെ പിതാവും അടുത്തുള്ള ഓട്ടോ ഡ്രൈവറും കൂടിയാണ് ആശുപത്രിയിൽ എത്തിച്ചത്.
ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് വരാതിരുന്ന ദേഷ്യത്തിൽ കുട്ടിയെ പിടിച്ച് ഉന്തുക മാത്രമാണ് ചെയ്തതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ശനിയാഴ്ച രാവിലെ പൊലീസ് ആശുപത്രിയിലെത്തുേമ്പാൾ കുട്ടിക്കൊപ്പം ഇംദാദുൽ ഹഖ് മാത്രമാണുണ്ടായിരുന്നത്. പിതാവ് ജോലിക്ക് പോയിരുന്നു. മാതാവ് ഒന്നരവയസ്സുള്ള ഇളയ കുട്ടിക്കൊപ്പം വീട്ടിലുമായിരുന്നു.
വിശദ അന്വേഷണം നടത്തിവരുകയാണെന്നും ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തി കേസ് ചാർജ് ചെയ്യുമെന്നും സർക്കിൾ ഇൻസ്പെക്ടർ സുധീർ മനോഹർ പറഞ്ഞു. പ്രതി പലപ്പോഴായി കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ആവർത്തിക്കരുതെന്ന് ആശാ പ്രവർത്തകർ വീട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും നാട്ടുകാർ പറയുന്നു.