‘കേരള’യിലും കെ.ടി.യുവിലും ഇന്ന് നിർണായക സിൻഡിക്കേറ്റ് യോഗം
text_fieldsതിരുവനന്തപുരം: ഭരണ, സാമ്പത്തിക പ്രതിസന്ധികൾക്കിടെ കേരള, സാങ്കേതിക (കെ.ടി.യു) സർവകലാശാലകളിൽ ചൊവ്വാഴ്ച നിർണായക സിൻഡിക്കേറ്റ് യോഗം ചേരുന്നു. കേരളയിൽ രജിസ്ട്രാർ ഡോ.കെ.എസ് അനിൽകുമാറിന്റെ സസ്പെൻഷനെ തുടർന്ന് വി.സി ഡോ. മോഹനൻ കുന്നുമ്മലുമായി സിൻഡിക്കേറ്റംഗങ്ങൾ തുറന്ന ഏറ്റുമുട്ടലിലായതോടെയാണ് ഭരണപ്രതിസന്ധി രൂപപ്പെട്ടത്.
രണ്ട് മാസത്തോളം നീണ്ട ഇടവേളക്ക് ശേഷം സർവകലാശാല നിയമപ്രകാരമുള്ള വ്യവസ്ഥ പാലിക്കാൻ കൂടിയാണ് കേരളയിൽ സിൻഡിക്കേറ്റ് യോഗം ചേരുന്നത്. രജിസ്ട്രാറുടെ സസ്പെൻഷനെച്ചൊല്ലിയുള്ള കേസ് ഹൈകോടതിയിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. അതിനാൽ ഇന്ന് ചേരുന്ന സിൻഡിക്കേറ്റിൽ വിഷയം പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് വി.സി. എന്നാൽ, ഇക്കാര്യത്തിൽ ചർച്ച കൊണ്ടുവരാനും ഇല്ലാത്ത അധികാരം ഉപയോഗിച്ച് രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വി.സിക്കെതിരെ പ്രതിഷേധമുയർത്താനുമായിരിക്കും ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ നീക്കം. ഫലത്തിൽ സിൻഡിക്കേറ്റ് യോഗം പ്രക്ഷുബ്ധമാകുമെന്നാണ് സൂചന. മാർച്ചിൽ പൂർത്തിയാക്കേണ്ട 100 കോടി രൂപയുടെ പി.എം ഉഷ ഫണ്ടിന്റെ വിനിയോഗം, പി.എച്ച്.ഡി അംഗീകാരം, വിവിധ ഗവേഷക ഫെലോഷിപ്പുകൾ തുടങ്ങിയവ യോഗത്തിൽ അജണ്ടയായി വരും.
ബജറ്റ് പാസാക്കാനാകാത്തതിനാൽ ഓണത്തിന് ശമ്പളം പോലും നൽകാനാകാത്ത കടുത്ത പ്രതിസന്ധിയിലൂടെയാണ് കെ.ടി.യു കടന്നുപോകുന്നത്. സർക്കാർ പാനൽ തള്ളി ചാൻസലറായ ഗവർണർ നിയമിച്ച വി.സി ഡോ. ശിവപ്രസാദുമായി സഹകരിക്കേണ്ടെന്ന നിലപാടിൽ സിൻഡിക്കേറ്റംഗങ്ങൾ കൂട്ടത്തോടെ യോഗം ബഹിഷ്ക്കരിക്കുന്നതാണ് കെ.ടി.യുവിലെ പ്രതിസന്ധി. മൂന്ന് തവണ സിൻഡിക്കേറ്റും ഒരു തവണ ഗവർണർ പങ്കെടുത്ത ബോർഡ് ഓഫ് ഗവേണേഴ്സും കൂട്ടബഹിഷ്ക്കരണത്തിൽ ക്വാറം തികയാതെ പിരിച്ചുവിടുകയായിരുന്നു.
ഒരുതവണ സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റിയും ക്വാറം തികയാതെ പിരിഞ്ഞു. സർക്കാർ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ യോഗം ബഹിഷ്ക്കരിക്കുന്നതിനെതിരെ വി.സി ആദ്യം ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. സർക്കാർ അഭിഭാഷകനെ നേരിട്ട് വിളിച്ചുവരുത്തിയ സുപ്രീംകോടതി സർവകലാശാലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് വാക്കാൽ നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഇന്ന് സിൻഡിക്കേറ്റ് യോഗം ചേരുന്നത്.
ഒടുവിൽ ഗവ. സെക്രട്ടറിമാരെത്തി; ഫിനാൻസ് കമ്മിറ്റി യോഗം ചേർന്നു
തിരുവനന്തപുരം: സുപ്രീംകോടതി ഇടപെടലിന് പിന്നാലെ സർക്കാർ പ്രതിനിധികളായ സെക്രട്ടറിമാർ എത്തിയതോടെ കെ.ടി.യുവിൽ സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റി യോഗം ചേർന്ന് ബജറ്റ് അംഗീകരിക്കാൻ ശിപാർശ ചെയ്തു. ഉന്നത വിദ്യാഭ്യാസ, ധനകാര്യ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. ഔദ്യോഗിക പ്രതിനിധികൾ സർക്കാർ നിർദ്ദേശപ്രകാരം യോഗത്തിൽ പങ്കെടുക്കാതെ ക്വാറം തികയാത്തതായിരുന്നു പ്രതിസന്ധി. വി.സിയുടെ ഹരജിയിലുള്ള കേസ് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് തിങ്കളാഴ്ച സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റി യോഗം ചേർന്നതും ബജറ്റ് പരിഗണിച്ചതും. കോടതി ഇടപെടലുള്ള സാഹചര്യത്തിൽ ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിൽ സർക്കാർ പ്രതിനിധികൾക്ക് പങ്കെടുക്കേണ്ടി വരും. സിൻഡിക്കേറ്റ് ബജറ്റ് പാസാക്കിയാൽ നിയമപ്രകാരം ബോർഡ് ഓഫ് ഗവേണേഴ്സ് അംഗികരിക്കേണ്ടത്. ശമ്പളവും പെൻഷനും ഓണത്തിന് മുമ്പ് വിതരണം ചെയ്യേണ്ടതിനാൽ, ബോർഡ് ഓഫ് ഗവേണേഴ്സിന്റെ അധികാരം ഉപയോഗിച്ച് വി.സി അംഗീകാരത്തിന് വിധേയമായി ബജറ്റ് പാസാക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

