സാമുദായിക വോട്ടുകൾ ഉറപ്പിക്കാൻ മുന്നണികളുടെ നെട്ടോട്ടം
text_fieldsകോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ നിർണായകമായ സാമുദായിക വോട്ടുകൾ പെട്ടിയിലാക്കാനുള്ള തത്രപ്പാടിൽ മുന്നണികൾ. മിത്ത് വിവാദത്തിൽ ആശങ്കപ്പെട്ടിരുന്ന സി.പി.എമ്മിന് ആശ്വാസം പകരുന്നതായി എൻ.എസ്.എസിന്റെ നിലപാട് മയപ്പെടുത്തൽ. എന്നാൽ, സഭാതർക്കത്തിൽ ഓർത്തഡോക്സ് സഭയുടെ അതൃപ്തി വെല്ലുവിളിയാണ്. ഇതേ സമയം യാക്കോബായ സഭയിൽനിന്നുള്ള അനുകൂല പ്രതികരണം പ്രതീക്ഷയും പകരുന്നു. വിശ്വാസ സംരക്ഷണം ആയുധമാക്കി പുതുപ്പള്ളിയിൽ കാര്യമായ നഷ്ടമുണ്ടാകാതെ രക്ഷപ്പെടാമെന്ന് കരുതിയ ബി.ജെ.പിക്കാകട്ടെ എൻ.എസ്.എസ് നിലപാട് തിരിച്ചടിയായി. എന്നാൽ, വിവാദങ്ങൾക്ക് പിടികൊടുക്കാതെ സമുദായ, സഭാ നേതാക്കളെക്കണ്ട് വോട്ട് ഉറപ്പിക്കുകയുമാണ് യു.ഡി.എഫ്.
ഫലത്തിൽ വികസനവും രാഷ്ട്രീയവും ചർച്ചയാക്കുമെന്ന് അവകാശപ്പെടുമ്പോഴും സമുദായ വോട്ടുകളിൽ തന്നെയാണ് എല്ലാ മുന്നണികളുടെയും കണ്ണ്. കഴിഞ്ഞ ദിവസങ്ങളിലായി എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് സഭാ, സമുദായ നേതാക്കളെ കാണാനുള്ള തിരക്കിലാണ്. മന്ത്രി വി.എൻ. വാസവനും ഒപ്പമുണ്ട്. മിത്ത് വിവാദത്തിൽ എൻ.എസ്.എസ് നിലപാട് തിരിച്ചടിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന എൽ.ഡി.എഫ് ജെയ്ക്കിന്റെ എൻ.എസ്.എസ് ആസ്ഥാന സന്ദർശനത്തോടെയാണ് ആത്മവിശ്വാസത്തിലായത്.Crucial Community Votes in Puthupalli Mandal
പുതുപ്പള്ളിയിൽ സമദൂരനയം തുടരുമെന്നും മിത്ത് വിവാദം ചർച്ചയാക്കില്ലെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കിയതാണ് ഇതിന് കാരണം. എൻ.എസ്.എസ് വോട്ടിൽ യു.ഡി.എഫും പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. കഴിഞ്ഞദിവസം തന്നെ ചാണ്ടി ഉമ്മനും എൻ.എസ്.എസ് സ്ഥാനത്ത് എത്തിയിരുന്നു. തിങ്കളാഴ്ച യു.ഡി.എഫ് കൺവീനർ എം.എം. ഹസനും മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫും ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. കോട്ടയത്തേക്കുള്ള യാത്രാമധ്യേ ഇടക്കിടക്ക് ഇവിടെ കയറാറുണ്ടെന്ന് ഹസൻ വിശദീകരിക്കുമ്പോഴും ഈ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതിന് പുറമെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെക്കണ്ട് വോട്ടുകൾ ഉറപ്പിക്കുന്ന ശ്രമവും ഇരുമുന്നണിയും കൈക്കൊണ്ടിട്ടുണ്ട്. വൈകിയാണെങ്കിലും ജില്ല പ്രസിഡന്റ് ലിജിൻ ലാലിനെ സ്ഥാനാർഥിയായി ലഭിച്ചതിന്റെ ആവേശത്തിലാണ് ബി.ജെ.പി. ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് അവർ മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

