നേതാക്കൾക്ക് സി.എം.ആർ.എൽ നൽകിയ കോടികൾ: ത്വരിത അന്വേഷണത്തിൽ കേന്ദ്രം
text_fieldsകൊച്ചി: രാഷ്ട്രീയ നേതാക്കൾക്കും തൊഴിലാളി സംഘടനകൾക്കും മറ്റും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) നിയമവിരുദ്ധമായി കോടിക്കണക്കിനു രൂപ നൽകിയെന്ന ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ (ഐ.എസ്.ബി) കണ്ടെത്തലിൽ കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ ത്വരിതാന്വേഷണം. കോർപറേറ്റ് അഫയേഴ്സ് ഡയറക്ടർ ജനറൽ ഓഫിസിന്റെ ബംഗളൂരു, ചെന്നൈ റീജനൽ ഡയറക്ടർമാരാണ് അന്വേഷണം നടത്തുന്നത്. ഐ.എസ്.ബി കണ്ടെത്തിയ രേഖകളും മൊഴികളും വസ്തുതാപരമാണെന്ന് കോർപറേറ്റ് അഫയേഴ്സ് ഡയറക്ടർ ജനറൽ റിപ്പോർട്ട് ചെയ്താൽ കേസന്വേഷണം എസ്.എഫ്.ഐ.ഒ ഏറ്റെടുക്കും. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) വൻകിട വ്യവസായ രംഗത്തെ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള ജുഡീഷ്യൽ അധികാരമുള്ള ഏജൻസിയാണ്.
2019 ജനുവരി 25ന് സി.എം.ആർ.എല്ലിന്റെ ഓഫിസിലും ഫാക്ടറിയിലും എം.ഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളും അവയെക്കുറിച്ച് എം.ഡിയും ഉദ്യോഗസ്ഥരും നൽകിയ മൊഴികളുമാണ് കേസിന് ആസ്പദം.
വ്യവസായ ആവശ്യങ്ങൾക്കുവേണ്ടി നിയമവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ എന്തെങ്കിലും പരിഗണന സി.എം.ആർ.എൽ കമ്പനി പണം നൽകി നേടിയിട്ടുണ്ടോ, സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷന് (കെ.എസ്.ഐ.ഡി.സി) സി.എം.ആർ.എൽ കമ്പനിയിൽ 13.4 ശതമാനം ഓഹരി നിക്ഷേപമുണ്ടെങ്കിൽ കേസ് പൊതുഖജനാവ് ദുർവിനിയോഗത്തിന്റെ പരിധിയിൽ വരുമോ, സി.എം.ആർ.എൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണെങ്കിൽ ആരോപിക്കപ്പെടുന്ന കാര്യങ്ങൾ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചട്ടങ്ങളുടെ ലംഘനമാണോ തുടങ്ങിയ കാര്യങ്ങളാണ് ത്വരിതാന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഐ.എസ്.ബി മുമ്പാകെ പരിശോധനക്കുവന്ന രേഖകളും മൊഴികളും വ്യക്തമാക്കുന്ന പ്രകാരം സി.എം.ആർ.എൽ കമ്പനി 2016നുശേഷം 135 കോടി രൂപ വിതരണം ചെയ്തത് ആർക്കെല്ലാമാണ്, എന്തിനുവേണ്ടിയാണെന്ന് കണ്ടെത്തേണ്ടത് മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസാണ്. നിയമോപദേശപ്രകാരം കേസ് അവർക്ക് കൈമാറുന്നതിനു മുന്നോടിയായാണ് ത്വരിതാന്വേഷണം.
കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന് കീഴിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഈ കേസ് അന്വേഷിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ സി.എം.ആർ.എല്ലിനും കെ.എസ്.ഐ.ഡി.സിക്കും കമ്പനികാര്യ അസി. രജിസ്ട്രാർ നൽകിയ നോട്ടീസിന്റെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെ മാസപ്പടി ആരോപണം ഉയർന്നത് സി.എം.ആർ.എല്ലുമായുള്ള ഇടപാട് ഐ.എസ്.ബി കണ്ടെത്തിയതിനെത്തുടർന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.