ക്ഷേമപദ്ധതികൾ: പട്ടികജാതി വികസന വകുപ്പിൽ കോടികൾ കുടിശ്ശിക
text_fieldsതൊടുപുഴ: പട്ടികജാതി വികസന വകുപ്പിൽ വിവിധ ക്ഷേമപദ്ധതികളിലായി ഗുണഭോക്താക്കൾക്ക് നൽകാനുള്ളത് കോടികൾ. ചികിത്സ സഹായമടക്കമുള്ള ക്ഷേമപദ്ധതികളിലാണ് മുൻ സർക്കാർ കോടികൾ കുടിശ്ശികയാക്കിയതെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. വിവിധ പദ്ധതികളിലായി 16,248 അപേക്ഷകർക്ക് 200 കോടിയോളം രൂപയാണ് കൊടുത്തുതീർക്കാനുള്ളതെന്നാണ് പട്ടികജാതി വികസന വകുപ്പിന്റെ കണക്കുകൾ പറയുന്നത്. ചികിത്സ ധനസഹായത്തിന് പുറമെ മിശ്രവിവാഹ സഹായം, വിവാഹ സഹായം, വിദേശ തൊഴിൽ നേടാനുള്ള സഹായം, ഏക വരുമാനദായകന്റെ മരണം മൂലമുള്ള സഹായം എന്നീ പദ്ധതികളിൽ വൻ തുക കുടിശ്ശികയുണ്ട്.
ഏറ്റവും കൂടുതൽ അപേക്ഷകർക്ക് സഹായം ലഭിക്കാനുള്ളത് മിശ്രവിവാഹത്തിലാണ്. ഈ ഇനത്തിൽ 6752 പേർക്ക് 50,64,00,000 രൂപയാണ് കുടിശ്ശിക. തൊട്ടുപിന്നിൽ വിവാഹ ധനസഹായ അപേക്ഷകരാണ്. ഈ വിഭാഗത്തിൽ 4542 പേർക്ക് 56,70,50,000 രൂപയാണ് കൊടുക്കാനുള്ളത്. ഏക വരുമാനദായകന്റെ മരണത്തെ തുടർന്ന് കുടുംബത്തിനുള്ള ധനസഹായത്തിന് 2,794 അപേക്ഷകളാണ് നിലവിലുള്ളത്. ഇവർക്ക് 55,88,00,000 രൂപ കൊടുത്തുതീർക്കാനുണ്ട്. വിദേശ തൊഴിൽ ലഭിക്കാൻ 1600 അപേക്ഷകർക്കായി 9,83,90,000 രൂപയാണ് കുടിശ്ശിക. ഇതിനുപുറമെ ചികിത്സ സഹായത്തിന് 560 അപേക്ഷകർക്കായി 1,90,46,500 രൂപയും കുടിശ്ശികയുണ്ട്.
മുൻ സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ക്ഷേമപദ്ധതികൾ കുടിശ്ശികയാകാൻ കാരണമെന്നാണ് വിലയിരുത്തൽ. ചികിത്സ സഹായമൊഴികെയുള്ളവ വിതരണം നിലച്ചിട്ട് വർഷങ്ങളായി. അതേസമയം, സർക്കാർ ഫണ്ട് നൽകുന്ന മുറക്ക് നിലവിലെ കുടിശ്ശിക തീർക്കാൻ കഴിയുമെന്നാണ് വകുപ്പിന്റെ വിശദീകരണം. എന്നാൽ, ചികിത്സ സഹായമടക്കം കുടിശ്ശികയായത് നിരവധി പേരെ പ്രതിസന്ധിയിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

