പ്രകൃതിക്ഷോഭം; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഈ മാസം -മന്ത്രി ടി. സിദ്ദീഖ്
text_fieldsഅന്താരാഷ്ട്ര കാപ്പി ദിനാഘോഷം കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയുന്നു
കൽപറ്റ: പ്രകൃതിക്ഷോഭത്തില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ച സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള സഹായധനം ഒക്ടോബര്‍ അവസാനത്തോടെ ലഭ്യമാക്കുമെന്ന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീഖ്. ഏഴാമത് അന്താരാഷ്ട്ര കാപ്പി ദിനാഘോഷം ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിള ഇന്‍ഷുറന്‍സ് കുടിശ്ശിക തീര്‍പ്പാക്കാന്‍ ആറു കോടി രൂപ നീക്കിവെച്ചതായും തുക വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി കര്‍ഷകനുണ്ടാകുന്ന വിള നഷ്ടത്തിനൊപ്പം പുതിയ നടീല്‍ വസ്തുക്കള്‍, തുക, വളം നല്കുന്ന പദ്ധതി കൃഷി വകുപ്പ് ആവിഷ്കരിക്കും. വന്യമൃഗ ശല്യത്തില്‍ കര്ഷകന് നഷ്ടമുണ്ടായാല്‍ നിലവില്‍ കിട്ടുന്ന തുക നൂറു ശതമാനമാക്കി വർധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വയനാടിന്റെ സമ്പദ് വ്യവസ്ഥയില്‍ കാപ്പി വഹിക്കുന്ന സ്വാധീനം വലുതാണെന്നും കാപ്പി കൃഷിയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന വെല്ലുവിളി കാലാവസ്ഥാ വ്യതിയാനമാണെന്നും മന്ത്രി സൂചിപ്പിച്ചു. കേന്ദ്ര കോഫി ഡവലപ്മെന്റ് ബോര്‍ഡ്, സംസ്ഥാന സര്‍ക്കാറിന്റെ കൃഷി വകുപ്പ് മുഖേന കാപ്പിക്ക് പ്രത്യേക പദ്ധതികള്‍ നടപ്പാക്കും.
ജില്ലയിലെ കാപ്പിയുടെ ഉത്പാദനക്ഷമത ഒരു ഹെക്ടറില്‍ 918 കിലോഗ്രാമാണ്. കുടകില്‍ 1494 കിലോഗ്രാമാണ്. കുടകിലേക്കാള് മികച്ച രീതിയില്‍ വരുമാനമുണ്ടാക്കാനുള്ള വലിയ മുന്നേറ്റത്തിന് സര്‍ക്കാര്‍ തുടക്കംകുറിക്കുകയാണ്.
വയനാടന്‍ റോബസ്റ്റ കാപ്പിക്ക് ഭൗമസൂചിക പദവി ലഭിച്ചെങ്കിലും മൂല്യവർധനവ് ഉറപ്പാക്കണം. സംസ്ഥാനത്ത് അന്താരാഷ്ട്ര ഉച്ചകോടി സംഘടിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി അറിയിച്ചു.
ഉഷ വിജയന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. അമൃദ് യൂനിറ്റിന്റെ ലോഗോ മന്ത്രി ടി. സിദ്ദീഖ് പ്രകാശനം ചെയ്തു. മലയാളം കോഫി ഗൈഡ് കലക്ടര്‍ വി. ചെല്‍സാസിനി പ്രകാശനം ചെയ്തു. കാപ്പി ദിനാഘോഷത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്കായി വിവിധ സാങ്കേതിക സെഷനുകള്‍, കാപ്പിയും അനുബന്ധ ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന 32ഓളം സ്റ്റാളുകൾ എന്നിവ ഒരുക്കി.
കൃഷിവകുപ്പ് ഡയറക്ടര്‍ അര്ജുന് പാണ്ഡ്യന്, കോഫി ബോര്‍ഡ് കേരളം-തമിഴ്നാട് ജോ. ഡയറക്ടര്‍ ഡോ. എം. കറുത്തമണി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ബി.ജെ. സീമ, കാനറാ ബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
കാര്‍ഷിക മേഖലയില്‍ ഇടപെടലുകള്‍
നടത്തും -മന്ത്രി എ.പി. അനില്‍കുമാര്‍
കാര്‍ഷിക മേഖലയില്‍ ഗൗരവമുള്ള ഇടപെടലുകള്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റവന്യൂമന്ത്രി എ.പി. അനില്‍കുമാര്‍. കാപ്പി കൃഷി വികസനത്തിന് കര്‍ഷകരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയെ സംബന്ധിച്ചും സംസ്ഥാന കാര്‍ഷിക മേഖലയെ സംബന്ധിച്ചും വലിയ മുന്നേറ്റ സാധ്യതകളുള്ള മേഖലയാണ് കാപ്പി കൃഷി. കാപ്പിയുടെ പ്രസക്തിയും പ്രാധാന്യവും ചര്‍ച്ച ചെയ്യാന്‍ വിപണിയിലെ പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ ദിനാചരണങ്ങളും സെമിനാറുകളും സഹായിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പുതിയ വിപണി സാധ്യതകള്‍ കണ്ടെത്തണം -മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
കര്‍ഷകരെയും വയനാടിന്റെ സാമ്പത്തിക മേഖലയുടെയും ജീവനാഡിയായ കാപ്പി കൃഷിയുടെ വികസനത്തിന് മൂല്യവർധനവും അടിസ്ഥാന സൗകര്യ വികസനവുമാണ് പ്രധാനമെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന്റെ ഉദ്ഘാടന യോഗത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തില്‍ വലിയ വിപണി സാധ്യതയുള്ള ഉൽപന്നമാണ് കാപ്പി. എന്നാല്‍ കര്‍ഷകര്‍ നിലവില്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രായോഗികമായ നിർദേശങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

