അവധി പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം കലക്ടർക്ക് സമൂഹമാധ്യമങ്ങളിൽ പൊങ്കാല
text_fieldsഎറണാകുളം: അവധി പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിൽ രൂക്ഷവിമർശനം. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കലക്ടർ രേണുരാജ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് കലക്ടറുടെ അവധിപ്രഖ്യാപനം എത്തിയത്.
ഇതോടെ ഇന്നലെ മുതൽ മഴയുണ്ടായിട്ടും എന്തുകൊണ്ടാണ് അവധിപ്രഖ്യാപനം ഇത്രത്തോളം വൈകിയതെന്നാണ് കലക്ടർക്കെതിരെ ഉയർന്ന പ്രധാനവിമർശനം. കുട്ടികൾ സ്കൂളിലെത്തുമ്പോഴാണോ അവധി പ്രഖ്യാപിക്കുന്നതെന്ന് കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പലരും കുറിച്ചു. കുട്ടികൾ സ്കൂളിലെത്തിയ സാഹചര്യത്തിൽ ഉപദ്രവമായി ഈ അവധി പ്രഖ്യാപനമെന്നായിരുന്നു മറ്റൊരു കമന്റ്.
എന്റെ കുഞ്ഞുങ്ങൾ 7.15 മണിക്ക് സ്കൂളിൽ പോകും. ഒരാൾ എൽ.കെ.ജിയിലാണ്.ഈ സാഹചര്യത്തിൽ കാറ്റും മഴയും കൊണ്ടാണ് അവർ സ്കൂളിൽ എത്തിയിട്ടുണ്ടാവുക.അപ്പോഴാണ് അവധി പ്രഖ്യാപിക്കുന്നത്. ഇത് കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും ബുദ്ധിമുട്ടിക്കാനെ ഉപകരിക്കൂ. ഇന്നലെ രാത്രി മുഴവൻ മഴ കനത്തു പെയ്തിട്ട് ഇതുവരെ അവധി നൽകാൻ താമസം നേരിട്ടത് ഉത്തരവാദിത്തമില്ലായ്മ ആയിട്ടേ ജനം വിലയിരുത്തൂ. ഞാൻ വീട്ടിൽ ഇരിക്കുന്നത് കൊണ്ട് എന്റെ മക്കൾ എപ്പോൾ വന്നാലും എനിക്ക് ബുദ്ധിമുട്ടില്ല. കുട്ടികളെ സ്കൂളിൽ വിട്ടിട്ട് ജോലിക്ക് പോയ മാതാപിതാക്കൾ ഇന്നത്തെ ദിവസം എങ്ങനെ മാനേജ് ചെയ്യും എന്നത് കൂടി പരിഗണിക്കാൻ ശ്രദ്ധിക്കുമല്ലോയെന്നായിരുന്നു ഒരമ്മയുടെ കമന്റ്.
നേരത്തെ സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിലാണ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

