ശ്രീറാം 'കൊല'ക്ടറെന്ന് സമൂഹമാധ്യമത്തിൽ വിമർശനം
text_fieldsആലപ്പുഴ: വിവാദങ്ങള്‍ക്കിടെ ജില്ല കലക്ടറായി ചുമതലയേറ്റ ശ്രീറാം വെങ്കിട്ടരാമനെ 'കൊല'ക്ടറെന്ന് വിശേഷിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ കമന്റ്. ചൊവ്വാഴ്ച രാവിലെ കലക്ടറായി ചുമതലയേറ്റ വാർത്തപങ്കുവെച്ച ആലപ്പുഴ ജില്ല ഇൻഫർമേഷൻ ഓഫിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ആക്ഷേപവും വിമർശനവും.
13 ജില്ലകളിലും കലക്ടർ, ആലപ്പുഴയിൽ മാത്രം ഒരു 'കൊല'ക്ടർ എന്നായിരുന്നു വിശേഷണം.
ശ്രീറാം വെങ്കിട്ടരാമൻ എന്ന കള്ളുകുടിയൻ കൊലയാളി ആലപ്പുഴയിൽ 'കൊല'ക്ടറായി നിയമിതനായി. പൊതുജനങ്ങൾ ജാഗ്രതയെന്നും കമന്റുകളുണ്ട്. ഇതിന് പിന്നാലെ ആലപ്പുഴക്കാർ രാത്രി റോഡിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക, മാധ്യമപ്രവർത്തകന്റെ കൊലയാളി ആലപ്പുഴ ജില്ലക്ക് അപമാനം, ഒരുന്യായീകരണവുമില്ലാത്ത നിയമനം തുടങ്ങിയ കമന്റുകളാണ് നിറയുന്നത്.
ഭാര്യയും ആലപ്പുഴ കലക്ടറുമായ ഡോ. രേണുരാജിൽനിന്ന് ചുമതല ഏൽക്കുന്നതിന്റെ ചിത്രത്തിന് താഴെയാണ് കമന്റുകൾ ഏറെയും. ജില്ലയുടെ ചരിത്രത്തില്‍ തന്നെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ഒരു കലക്ടര്‍ ചുമതലയേല്‍ക്കുന്നത് ഇതാദ്യമാണ്.
അതിനിടെ ഡോ. രേണുരാജിന്റെ ഔദ്യോഗിക എഫ്.ബി പേജിന്റെ കമന്റ് ബോക്സ് വീണ്ടും പൂട്ടി. നിയമന ഉത്തരവ് പുറത്തിറങ്ങിയതോടെ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള പ്രതിഷേധത്തെ ഭയന്ന് ആദ്യം പൂട്ടിയ കമന്റ് ബോക്സ് ചുമതല കൈമാറുംമുമ്പ് ആലപ്പുഴക്കാർക്ക് 'നന്ദി' അറിയിക്കാനാണ് വീണ്ടും തുറന്നത്.
ശ്രീറാമിനെതിരെ പ്രതിഷേധം ശക്തമാക്കി കമന്റുകൾ നിറഞ്ഞതോടെയാണ് വീണ്ടും പൂട്ടിയത്. ചൊവ്വാഴ്ച ഫേസ്ബുക്കിലൂടെ ആലപ്പുഴക്കാർക്ക് 'നന്ദി'പറഞ്ഞായിരുന്നു മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

