സർക്കാർ വിമർശനം അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാൻ കാരണമല്ല, ദുരിതാശ്വാസ നിധിക്കെതിരെ ഫേസ്ബുക് പോസ്റ്റിട്ടയാളെ കുറ്റമുക്തനാക്കി ഹൈകോടതി
text_fieldsകൊച്ചി: സർക്കാറിനെതിരായ വിമർശനം പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാൻ മതിയായ കാരണമല്ലെന്ന് ഹൈകോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്നും സഹായം നേരിട്ടു നൽകുന്നതാണ് നല്ലതെന്നും ഫേസ്ബുക് പോസ്റ്റിട്ട എറണാകുളം അയ്യമ്പള്ളി സ്വദേശി എസ്. മനുവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായങ്ങളുടെ സ്വതന്ത്ര പ്രവാഹമാണ് കൂട്ടായ ജീവിതത്തിന്റെ നിലനിൽപ്പെന്നും കോടതി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്‍റെ അഖണ്ഡതക്കോ പൊതുജീവിത ക്രമത്തിനോ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് അഭിപ്രായപ്രകടനം നിയന്ത്രിക്കാനാവുക. സർക്കാർ നടപടികളെ വിമർശിക്കുന്നത് ഇതിന്റെ പരിധിയിൽ വരില്ലെന്നും മനു സമർപ്പിച്ച ഹരജി അനുവദിച്ച് കോടതി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭരണഘടന നൽകുന്ന അവകാശത്തിൽതന്നെ വിമർശനവും വിയോജിപ്പും ഉന്നയിക്കാനുള്ള സ്വാതന്ത്ര്യവും ഉൾചേർന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
2019 ആഗസ്റ്റ് 11നാണ് ഹരജിക്കാരന്‍റെ ഫേസ്ബുക് പോസ്റ്റ്. ദുരിതാശ്വാസ സഹായം കിട്ടാത്തതിനാൽ പിണറായി അസ്വസ്ഥനാണെന്നും നൽകിയാൽ അത് തട്ടിയെടുക്കുമെന്നുമായിരുന്നു പരാമർശം. ഇതിനെതിരെ പൊതുശല്യത്തിനുള്ള വകുപ്പുകളടക്കം ചുമത്തി എറണാകുളം സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.
ഈ കേസിൽ രാജ്യത്തിനെതിരായ കുറ്റകൃത്യ ആഹ്വാനമോ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വിഷയമോ ഇല്ലെന്ന് വിലയിരുത്തിയാണ് കേസിലെ തുടർനടപടികൾ റദ്ദാക്കിയത്. അവശ്യ സേവനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റവും ഹരജിക്കാരനെതിരേ ചുമത്തിയിരുന്നു. എന്നാൽ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, അവശ്യ സേവനങ്ങളുടെ പട്ടികയിൽ വരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

