സ്മൃതി പരുത്തിക്കാടിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപം
text_fieldsകോഴിക്കോട്: റിപ്പോര്‍ട്ടര്‍ ടിവിയിലെ ‘മീറ്റ് ദി എഡിറ്റേഴ്‌സ്’ പരിപാടിയില്‍ സ്മൃതി പരുത്തിക്കാട് നടത്തിയ പ്രസ്താവനക്കെതിരെ ഇടത് സൈബറിടങ്ങളിൽ വ്യാപക അധിക്ഷേപം. തെരഞ്ഞെടുപ്പ് സമയത്ത് വയനാട്ടിലെ ദുരന്ത ബാധിതരെ ‘കൊണ്ടുവന്ന് നാടകം കളിച്ചു’ എന്ന് അവര്‍ ആരോപിച്ചതാണ് ഇടത് അനുകൂലികളെ രോഷം കൊള്ളിച്ചത്. സ്മൃതി പരുത്തിക്കാട് പറഞ്ഞത്, തെരഞ്ഞെടുപ്പ് സമയത്ത് വയനാട്ടിലെ ദുരന്തബാധിതരെ കൊണ്ടുവന്ന് നാടകം കളിച്ചു എന്നാണ്. വയനാട് ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍, മന്ത്രി കെ. രാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയെ 'തെരഞ്ഞെടുപ്പ് നാടകം' എന്ന് വിശേഷിപ്പിക്കുകയായിരുന്നു അവർ. സ്മൃതിയെ വളരെ മോശമായി ചിത്രീകരിച്ചുകൊണ്ട് വളഞ്ഞിട്ട് അക്രമിക്കുന്നതരത്തിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. അറപ്പുളവാക്കുന്ന ഭാഷയിലാണ് സ്മൃതിക്കെതിരായ വിമർശനങ്ങൾ ഏറെയും. എന്നാൽ, മാധ്യമ പ്രവർത്തക എന്ന നിലയിൽ തന്റെ അഭിപ്രായം പറയാനുള്ള അവകാശം സ്മൃതി പരുത്തിക്കാടിനുണ്ടെന്നും അവരെ അപമാനിക്കാനുള്ള നീക്കം ശരിയല്ലെന്നും സ്മൃതിയെ അനുകൂലിക്കുന്നവർ പറയുന്നു.
കോൺഗ്രസ് നേതാവ് അബിൻ വർക്കി സ്മൃതി പരുത്തിക്കാടിന് പിന്തുണച്ച് ഫേസ് ബുക്കിലെഴുതിയ കുറിപ്പിങ്ങനെ: ‘ സ്മൃതി പരുത്തിക്കാട്..
അവർ ഒരു കടുത്ത കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്. അവരുടെ കുടുംബവും അങ്ങനെ തന്നെയാണ്. പക്ഷേ, കഴിഞ്ഞ കുറച്ച് കാലമായി സ്‌മൃതി പരുത്തിക്കാട് എന്ന റിപ്പോർട്ടർ ചാനലിലെ മാധ്യമ പ്രവർത്തകയ്ക്കെതിരെ വ്യാപക അധിക്ഷേപമാണ് സൈബർ ഇടങ്ങളിൽ സിപിഎം നടത്തുന്നത്. എങ്ങനെ ഒക്കെ അവരെ അശ്ലീലമായി ചേർത്ത് വെക്കാമോ അങ്ങനെ ഒക്കെ സി പി എംന്റെ സൈബർ ഗുണ്ടകൾ ചെയ്യുന്നുണ്ട്. സിപിഎമ്മിന്റെ കൂടെ നിന്ന് അവർക്ക് ഓശാന പാടിയാൽ മാത്രം കിട്ടുന്ന പ്രിവിലേജിന് അപ്പുറം ഏതെങ്കിലും മാധ്യമ പ്രവർത്തകർ പോയാൽ, അവരെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കുക എന്നതാണ് പൊതുവായ സിപിഎം സമീപനം.
റിപ്പോർട്ടർ ചാനലിലെ തന്നെ മുൻ എം.ഡി എം വി നികേഷ് കുമാർ ഇവരുടെ പുണ്യാളൻ, അരുൺകുമാർ നിക്ഷ്പക്ഷ മാധ്യമ വിചാരകൻ ബാക്കി സ്മൃതി ഉൾപ്പെടെയുള്ളവർ എല്ലാം മാപ്രകൾ. ഇതാണ് സിപിഎമ്മിന്റെ ' സെലക്റ്റീവ് നവോത്ഥാനം '. ഒരു സിനിമയിൽ "പാർട്ടിയുടെ കൂടെ നിൽക്കുന്ന പാവങ്ങളെയാണ് (മാധ്യമ പ്രവർത്തകരെ ) ഞാൻ പാവം (മാധ്യമ പ്രവർത്തകൻ )ആയി കണക്കാക്കുന്നുള്ളു " എന്ന് കൈതേരി സഹദേവൻ എന്ന കഥാപാത്രം പറഞ്ഞത് പോലെയാണ് സിപിഎമ്മിന്റെ ഇടപെടലുകൾ. എന്ത് കൊള്ളരുതായ്മ ചെയ്താലും പാർട്ടിയുടെ കൂടെ നിൽക്കുന്നവർ മാന്യന്മാർ, നിക്ഷ്പക്ഷർ, ആദർശവാദികൾ, സ്വാദശാഭിമാനികൾ. അവർക്ക് തരാതരം പോലെ മഠത്തിലമ്മ ട്രോഫികൾ. പാർട്ടിയെ വിമർശിക്കുന്നവരെ ' മാഷാ അള്ളാ ' സ്റ്റിക്കർ ഒട്ടിച്ച പ്രൊഫൈലുകളിൽ നിന്ന് കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ സൈബർ ബുള്ളിയിങ്.
ഇതിൽ ഏറ്റവും വിചിത്രം നവോത്ഥാനം എന്ന് വാക്ക് പൊക്കി പിടിച്ച് കവിത എഴുതി, പിള്ളേരെ പഠിപ്പിച്ച്, പ്രസംഗിച്ച്, കൊടി പിടിച്ചു നടക്കുന്ന ഒട്ടേറെ പുരോഗമന വാദികൾ എന്ന് സ്വയം അവകാശപ്പെടുന്ന നവോത്ഥാന നായകർ ഈ നാട്ടിലുണ്ട്. അതിൽ തന്നെ രണ്ട്, മൂന്ന് ആളുകൾ സ്‌മൃതിയുടെ കസേരയ്ക്ക് അപ്പുറവും ഇപ്പറവും ഇരുന്ന് ഇന്നും നവോത്ഥാനം വിളമ്പുന്നുമുണ്ട്. സൈബർ അതിക്ഷേപങ്ങൾ എന്നും പറഞ്ഞ് ഒരു വാലും മുറിയും ഇല്ലാതെ കണ്ടവരുടെ നരേറ്റീവ് വിളമ്പാൻ വേണ്ടി ഇരിക്കുന്നവരും ഉണ്ട്. പക്ഷെ അവർ പോലും ഒരു അറപ്പും വെറുപ്പുമില്ലാതെ ഈ ഫാസിസ്റ്റ് അജണ്ടയുടെ ഏജന്റമാർ ആകുന്നു എന്നതാണ്. സ്വന്തം സഹപ്രവർത്തകരെ ഭരണകൂടം വേട്ടയാടിയപ്പോൾ മൗനിയായി ഇരിക്കുകയും ജേർണലിസം കുട്ടികൾക്ക് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ക്ലാസ്സ് എടുക്കുന്ന രാജ്യസഭ എം.പി മാരും സ്വന്തം സഹപ്രവർത്തക അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആക്രമിക്കപ്പെടുമ്പോൾ അതിനെ സ്വതസിദ്ധമായ ശൈലിയിൽ കയ്യും കെട്ടി നോക്കിയിരിക്കുന്ന 'നവോത്ഥാന ' മാധ്യമ പ്രവർത്തകരും ഒക്കെ ' ഹൈബ്രിഡ് ഫാസിസ്റ്റുകൾ ' ആയി അധപ്പതിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഭരണകൂടം ചെയ്യുന്ന തിന്മകൾക്കെതിരെ ശബ്ദമുയർത്തിയാൽ വേട്ടയാടുന്ന RSS - CPM രീതിയെ നാം ഒന്നുചേർന്ന് പ്രതിരോധിക്കണം.
NB: ഇതേ പോസ്റ്റ് 3 കൊല്ലം മുൻപും ഞാൻ പോസ്റ്റ് ചെയ്തതാണ്. അന്ന് തുടങ്ങിയ ആ സൈബർ ആക്രമണം ഇന്നും യാതൊരു മാറ്റവും ഇല്ലാതെ തുടരുന്നു.
സ്മൃതി പരുത്തിക്കാടിനെതിരായ നീക്കത്തെ വിമർശിച്ച് കെ.കെ. രമ എം.എൽ.എ രംഗത്ത്. ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.
കുറിപ്പ് പൂർണരൂപത്തിൽ:
തങ്ങൾക്കെതിരായ രാഷ്ട്രീയ വിമർശനം നടത്തുന്ന മാധ്യമപ്രവർത്തകർക്ക് നേരെ സിപിഎം സൈബർ ഹാൻഡിലുകൾ നടത്തുന്ന കടന്നാക്രമണങ്ങൾ ഒരു പുതിയ കാര്യമല്ല. പ്രത്യേകിച്ച് അത് ഒരു സ്ത്രീ കൂടിയാകുമ്പോൾ കടന്നാക്രമണങ്ങളുടെ സ്വഭാവവും ആക്കവും വർദ്ധിക്കും. അതിൻ്റെ ഒടുവിലത്തെ ലക്ഷ്യമാണ് സ്മൃതി പരുത്തിക്കാട്. സ്മൃതി തീർത്തും രാഷ്ട്രീയമായി നടത്തിയ ഒരു അഭിപ്രായ പ്രകടനത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് അതുവച്ച് അവർ വയനാട് ദുരന്തബാധിതരെ അപമാനിച്ചു എന്ന നിലയിൽ സിപിഎം സൈബർ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിക്കുകയും കേട്ടാലറയ്ക്കുന്ന തെറികളും സ്ത്രീവിരുദ്ധ പരാമർശങ്ങളും കൊണ്ട് സൈബറിടം നിറയ്ക്കുകയുമാണ്.
സിപിഎമ്മിനെ വിമർശിക്കുന്ന ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നു എന്നതുകൊണ്ട് മാത്രം നിരന്തരമായി സ്മൃതിയെ അപമാനിക്കാൻ വലിയ ശ്രമങ്ങളാണ് നടക്കുന്നത്. അതിലൊന്നും തളർന്നുപോകുന്ന ഒരു മാധ്യമപ്രവർത്തകയോ സ്ത്രീയോ അല്ല സ്മൃതി എന്ന് ഇത് നടത്തുന്നവർ മനസ്സിലാക്കിയാൽ നന്ന്. വയനാട് ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച വീടുകളിൽ ഇനിയും ആർക്കും താമസം തുടങ്ങാനായില്ല എന്നും അവരിൽനിന്ന് ഒരു കുടുംബത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊണ്ടുവരുമ്പോൾ അവിടെ സർക്കാരിൻ്റെ ഔദാര്യയുക്തിയാണ് പ്രവർത്തിക്കുന്നത് എന്നുമാണ് സ്മൃതി അഭിപ്രായപ്പെട്ടത്. ഈ പ്രചരണത്തെയും അതിൻ്റെ സംഘാടകരുടെ ഉദ്ദേശ്യത്തെയുമാണ് താൻ നാടകമെന്ന് വിളിച്ചത് എന്നും അത് ദുരന്തബാധിതരെയല്ല എന്നും സ്‌മൃതി പിന്നീട് വ്യക്തമാക്കുകയുണ്ടായി.
ഇങ്ങനെ വൈകാരികതയുടെ പ്രതീതി സന്ദർഭങ്ങൾ സൃഷ്ടിച്ചും വിമർശകരെ ആൾക്കുട്ടത്തിൻ്റെ അസഭ്യവർഷങ്ങൾക്ക് എറിഞ്ഞു കൊടുത്തും സർക്കാരിൻ്റെ പോരായ്മകൾ മറച്ചു പിടിക്കാമെന്നും വിമർശനങ്ങളെ പ്രതിരോധിക്കാമെന്നും ആരും വ്യാമോഹിക്കേണ്ട. വിമർശനങ്ങളുടെ കരുത്തുമായി സ്മൃതി പരുത്തിക്കാട് അടക്കമുള്ളവർ ഇവിടെ തന്നെ കാണും.
ഇടത് നിരീക്ഷകൻ പ്രേംകുമാർ ഫേസ് ബുക്കിലെഴുതിയ കുറിപ്പിങ്ങനെ: ‘പെറ്റമക്കൾ മൂന്നെണ്ണം ഒരൊറ്റ രാത്രിമഴയിലില്ലാതായിട്ടും, വിതുമ്പലില്ലാതൊരു നിമിഷമില്ലാതിരുന്നിട്ടും പിടിച്ചു നിൽക്കുന്ന സയനയെന്നൊരമ്മ നാടകം കളിക്കുകയാണെന്ന് വലിയ വായിൽ വിളിച്ചു പറയാൻ മടിക്കാത്തൊരു സ്ത്രീരൂപത്തെ പറഞ്ഞു തിരുത്താമെന്ന് വെറുതെ വിചാരിക്കുന്നുണ്ട് ചിലരിപ്പോഴും. ഓർക്കുക... മണ്ണിലുറങ്ങുന്ന മക്കളെയോർത്തു തൂവുന്നൊരീ കണ്ണീരിൽ കുതിർന്നില്ലാതാവാത്തൊരു ചമയങ്ങളുമില്ലീ മണ്ണിൽ’. പ്രേംകുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

