വിമർശനങ്ങൾ വെട്ടിനിരത്തി; സി.പി.എമ്മിൽ അമർഷം
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് പാർട്ടി ഘടകങ്ങളിൽ ഉയർന്ന വിമർശനങ്ങൾ വെട്ടിനിരത്തിയ സംഘടന റിപ്പോർട്ടിനെതിരെ ജില്ല ഘടകങ്ങളിൽ അമർഷം പുകയുന്നു. പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ രൂക്ഷവിമർശനങ്ങളാണ് ജില്ലകളിലെ തെരഞ്ഞെടുപ്പ് അവലോകനങ്ങളിൽ ഉയർന്നത്.
എന്നാൽ, അതെല്ലാം വെട്ടിമാറ്റി മറ്റ് കാരണങ്ങളിൽ പരാജയം ചാരിയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട് തയാറാക്കിയതെന്നാണ് വിമർശനം. സംസ്ഥാന സമിതിയുടെ ഭേദഗതികളോടെ റിപ്പോർട്ട് വീണ്ടും കീഴ്ഘടകങ്ങളിലേക്ക് എത്തുമ്പോഴാണ് അമർഷം രൂക്ഷപ്രതികരണങ്ങൾക്ക് വഴിമാറുന്നത്. വ്യക്തികൾക്ക് തെറ്റുപറ്റിയില്ലെന്നും പാർട്ടിക്കാണ് വീഴ്ചയെന്നും സ്ഥാപിക്കുന്ന റിപ്പോർട്ടാണ് ജില്ലകളിലേക്കെത്തുന്നത്.
അങ്ങനെയെങ്കിൽ എങ്ങനെ തെറ്റുതിരുത്തുമെന്ന ചോദ്യമാണ് കഴിഞ്ഞദിവസം കണ്ണൂർ ജില്ല കമ്മിറ്റിയിലടക്കം ഉയർന്നത്. നയപരവും സംഘടനാപരവുമായ വീഴ്ചകൾ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും ഇവ ചർച്ചചെയ്യാനും തിരുത്താനും പ്രത്യേക പ്ലീനം ചേരണമെന്നുമുള്ള ആവശ്യം ഉയർന്നെങ്കിലും പരിഗണിച്ചില്ല. മറിച്ച്, ജില്ല കമ്മിറ്റി അംഗങ്ങളെ അടക്കം പങ്കെടുപ്പിച്ച് ആഗസ്റ്റിൽ വിശാല സംസ്ഥാന കമ്മിറ്റി ചേരാനാണ് നേതൃത്വത്തിന്റെ തീരുമാനം.
വെള്ളാപ്പള്ളി, സ്വർണക്കൊള്ള, തളിപ്പറമ്പിലെ സ്ഥാനാർഥിത്വം അടക്കം വിഷയങ്ങളിലെ നിലപാടുകളിൽ വീഴ്ച സമ്മതിക്കുമ്പോഴും വീഴ്ചവരുത്തിയവർ ആര് എന്നതിൽ റിപ്പോർട്ട് നിശ്ശബ്ദമാണ്. സ്വർണക്കൊള്ള വിഷയത്തിൽ പാർട്ടി നടപടിയെടുക്കാത്തത് വീഴ്ചയായി എന്നതല്ല, നടപടിയെടുത്തില്ലെന്ന എതിർപ്രചാരണങ്ങൾ ജനങ്ങൾ വിശ്വസിച്ചുവെന്നതാണ് പരാജയകാരണമായി ചൂണ്ടിക്കാട്ടുന്നത്. വെള്ളാപ്പള്ളിയുമായി വേദി പങ്കിടുകയും പ്രശംസ ചൊരിയുകയും ചെയ്തത് യാഥാർഥ്യമായി നിൽക്കെ, വെള്ളാപ്പള്ളിയുടെ വിദ്വേഷപ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിൽ ഊക്ക് പോരായിരുന്നെന്നാണ് സെക്രട്ടറിയുടെ വിശദീകരണം.
ഭരണവിരുദ്ധവികാരം ശക്തമായിരുന്നെന്ന് ഘടകങ്ങളിൽ വിമർശനമുണ്ടായിരുന്നു. എന്നാൽ, ഭരണത്തുടർച്ച പാർട്ടിയെ ആലസ്യത്തിലാക്കി എന്ന മൃദുപരാമർശമാണ് റിപ്പോർട്ടിലുള്ളത്. സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ വലിയ തിരുത്തലുകൾ വരുത്തിയാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. സ്ഥാനാർഥി നിർണയത്തിൽ വീഴ്ചകളില്ലെന്നായിരുന്നു സെക്രട്ടേറിയറ്റ് അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നതോടെയാണ് തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച സംഭവിച്ചെന്ന സ്വയംവിമർശനത്തിന് തയാറായത്.
പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരായ വിമർശനങ്ങളിൽ വലിയ സംരക്ഷണകവചമാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഉണ്ടായത്. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയിൽ വിമർശനവിധേയമായെങ്കിലും റിപ്പോർട്ടിൽ ഇടംപിടിച്ചില്ല.
പ്രചരിക്കുന്നത് കള്ളക്കഥകൾ -സി.പി.എം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന കള്ളക്കഥകള്‍ യു.ഡി.എഫിന്റെ ഭരണപരാജയം മറയ്ക്കാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി പാർട്ടി തയാറാക്കിയ റിപ്പോര്‍ട്ടില്‍ അസംതൃപ്തി കീഴ്ഘടകങ്ങളിലേക്ക് വ്യാപിക്കുന്നുവെന്നാണ് ചിലര്‍ കണ്ടുപിടിച്ചത്. പരാജയവുമായി ബന്ധപ്പെട്ട് കീഴ്ഘടകങ്ങളില്‍ ചര്‍ച്ച നടത്തി, അതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠ്യേന അംഗീകരിക്കുകയാണ് ചെയ്തത്. ആ റിപ്പോര്‍ട്ടിനെ സംബന്ധിച്ചാണ് നേതാക്കള്‍ക്കിടയില്‍ അസംതൃപ്തിയുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.
സെക്രട്ടറിയേറ്റ് ഐക്യകണ്ഠ്യേന എടുത്ത തീരുമാനങ്ങളില്‍ ചിലര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് വസ്തുതാപരമല്ല. സ്ഥാപിത താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വിട്ടുപോയി മത്സരിച്ചയാളുകളും പാർട്ടിയെ രക്ഷപ്പെടുത്താനെന്ന വ്യാജേന കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. അധികാരമോഹത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാർട്ടിവിട്ട് യു.ഡി.എഫിലെത്തിയവരാണ് അവരുടെ തെറ്റുകളെ ന്യായീകരിക്കാന്‍ കള്ളക്കഥകളുമായി രംഗത്തിറങ്ങിയത്-സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

