Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അതിദാരിദ്ര്യമുക്ത...

‘അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയതാര്? ചൂരൽമല പുനരധിവാസം ഏത് എസ്റ്റേറ്റിൽ?’ -വിദ്യാർഥികൾക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിലെ ചോദ്യങ്ങൾക്കെതിരെ വിമർശനം

text_fields
bookmark_border
‘അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയതാര്? ചൂരൽമല പുനരധിവാസം ഏത് എസ്റ്റേറ്റിൽ?’ -വിദ്യാർഥികൾക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിലെ ചോദ്യങ്ങൾക്കെതിരെ വിമർശനം
cancel

കോഴിക്കോട്: ‘വിജ്ഞാന യാത്ര -ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്’ എന്ന ​പേരിൽ സംസ്ഥാനത്ത് സ്കൂൾ കോളജ് വിദ്യാർഥികൾക്ക് ഇന്ന് നടത്തിയ പ്രാഥമിക റൗണ്ട് മത്സരത്തി​ലെ ചോദ്യങ്ങൾ സർക്കാറിന്റെ പി.ആർ പ്രമോഷൻ ആക്കിയതായി വിമർശനം. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വേണ്ടി സംസ്ഥാന സർക്കാറിന്റെ നേത്യത്വത്തിൽ ലോകോത്തരമാതൃകയിൽ പുനരധിവാസ ടൗൺഷിപ്പ് അതിവേഗം പൂർത്തിയാകുന്നത് ഏത് എസ്റ്റേറ്റിൽ?, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം സാമൂഹിക സുരക്ഷാ പെൻഷൻ വീണ്ടും വർധിപ്പിച്ചതോടെ അർഹരായ വ്യക്തികൾക്ക് പ്രതിമാസം ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷൻ എത്ര രൂപയാണ്?, കേരളം അതിദാരിദ്ര്യമുക്തമായ സംസ്ഥാനമായി 2025 നവംബർ ഒന്നിന് പ്രഖ്യാപനം നടത്തിയതാര്? തുടങ്ങിയ ചോദ്യങ്ങളാണ് വിമർശനം ക്ഷണിച്ചുവരുത്തിയത്.

കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി ‘വിജ്ഞാന യാത്ര - ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസി’ന്റെ വിദ്യാലയതല പ്രാഥമികറൗണ്ടാണ് ഇന്ന് തുടങ്ങിയത്. 8 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കും കോളജ് വിദ്യാർഥികൾക്കും വെവ്വേറെയായാണ് മത്സരം. സ്കൂൾ, കോളജ് തലങ്ങളിൽ തുടങ്ങി സംസ്ഥാനതല ഗ്രാൻഡ് ഫിനാലെ വരെ നീളുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

വിജയികൾക്ക് അഞ്ചുലക്ഷം രൂപവരെയാണ് സമ്മാനം. സ്‌കൂൾതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് രണ്ട് ലക്ഷം രൂപയും സമ്മാനം ലഭിക്കും. കോളേജ് വിഭാഗത്തിൽ ഒന്നാം സമ്മാനം മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനം രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. വിജയികൾക്ക് മെമന്റോയും പ്രശസ്തിപത്രവും ലഭിക്കും.

സ്കൂൾതല ക്വിസ് മത്സരത്തിലെ ചോദ്യങ്ങൾ:

1) ‘വരുമാറുവിധം വികാരവും വരു വരുമാറില്ലറിവിന്നിതിന്നുനേർ; ഉരുവാമുടൽ വിട്ടു കീർത്തിയാ മുരുവാർന്നിങ്ങനുകമ്പ നിന്നിടും’ ഈ വരികൾ ആരുടേത് ?

2)കർഷകനെ തന്റെ ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കുന്നതു തടഞ്ഞുകൊണ്ടുള്ള ഒരു നിയമനിർമാണം രാജ്യത്ത് ആദ്യമായി നടന്നത് കേരളത്തിലാണ് - ഇതിന്റെ മുന്നോടിയായി കേരള സ്റ്റേ ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്സ് ഓർഡിനൻസ് ഏതു വർഷമാണ് നിലവിൽ വന്നത്?

3)1991 ഏപ്രിൽ 18-ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ജനലക്ഷങ്ങളെ സാക്ഷിനിർത്തി കേരളം സമ്പൂർണ്ണസാക്ഷരത കൈവരിച്ചതായി ചരിത്രപ്രഖ്യാപനം നടത്തിയ മലപ്പുറം ജില്ലയിലെ മുതിർന്ന പഠിതാവ് ആരാണ്?

4) ഇന്ത്യയിൽ ആദ്യമായി അതിദാരിദ്ര്യമുക്തമായ സംസ്ഥാനം കേരളമാണ്. 2025 നവംബർ ഒന്നിന് ഈ പ്രഖ്യാപനം നടത്തിയതാര്?

5) വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വേണ്ടി സംസ്ഥാന സർക്കാരിന്റെ നേത്യത്വത്തിൽ ലോകോത്തരമാതൃകയിൽ പുനരധിവാസ ടൗൺഷിപ്പ് അതിവേഗംപൂർത്തിയാകുന്നത് ഏത് എസ്റ്റേറ്റിൽ?

6) വനം വന്യജീവി വകുപ്പ് വികസിപ്പിച്ച സർപ്പ ആപ്പ് മനുഷ്യവാസമേഖലകളിൽ നിന്ന് പാമ്പുകളെ രക്ഷിക്കാനും സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനും സഹായിക്കുന്നു. ഈ ആപ്പിൻറെ ഗുഡ് വിൽ അംബാസഡർ ആര്?

7) 'എല്ലാവർക്കും ഭൂമി; എല്ലാ ഭൂമിക്കും രേഖ, - എല്ലാ സേവനങ്ങളും സ്‌മാർട്ട്' - ഏത് വകുപ്പിൻറെ ആപ്തവാക്യമാണ്?

8) 2025 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം സാമൂഹിക സുരക്ഷാ പെൻഷൻ വീണ്ടും വർധിപ്പിക്കുകയുണ്ടായി. നിലവിൽ അർഹരായ വ്യക്തികൾക്ക് പ്രതിമാസം ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷൻ എത്ര രൂപയാണ്?

9) കായിക പ്രവർത്തനങ്ങളിലൂടെ ലഹരിവിരുദ്ധ ബോധവത്കരണം ലക്ഷ്യമിടുന്ന സംസ്ഥാന കായികവകുപ്പിന്റെ ക്യാമ്പയിൻ ഏതാണ്?

10) 1957ലെ മന്ത്രിസഭ എട്ടാം ക്ലാസ്സിലെ ഫീസ് ഒഴിവാക്കിയിരുന്നു. പിന്നീട് ഒൻപത്, പത്ത് ക്ലാസ്സുകളിലെ കൂടി ഫീസ് ഒഴിവാക്കി ഹൈസ്‌കൂൾ വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കിയ പരിഷ്‌കാരം നടപ്പിലാക്കിയ മുഖ്യമന്ത്രിയാര്?

11) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ചരക്കുകളുമായി എത്തിയ ആദ്യ മദർഷിപ്പ് ഏതാണ്?

12) വായ്‌പാ തുകകൾ തിരിച്ചടയ്ക്കാൻ കഴിയാത്തതിന്റെ പേരിൽ കുടുംബങ്ങളെ അവരുടെ ഒരേയൊരു വാസസ്ഥലത്ത് നിന്ന് ഒഴിപ്പിക്കുന്നത് തടയുന്നതിനായി കേരളനിയമസഭ ഒക്ടോബറിൽ പാസ്സാക്കിയ ബില്ലിന്റെ പേര് എന്താണ്?

13​) കാൻസർ ചികിത്സയിൽ റീജിയണൽ കാൻസർ സെൻറർ, മലബാർ കാൻസർ സെന്റർ എന്നിവ പോലെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും ചികിത്സക്കുമായി ആരോഗ്യവകുപ്പ് പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത് ഏത് ജില്ലയിലാണ്?

14) നമ്മുടെ നാട്ടിലെ സ്വന്തമായി വീടുവയ്ക്കാൻ ശേഷിയില്ലാത്തവർക്ക് വീടും, അവരിൽ തന്നെ തീർത്തും പിന്നാക്കാവസ്ഥയിലുള്ളവർക്ക് ഉപജീവനമാർഗ്ഗവും, സ്വന്തമായി അധ്വാനിക്കാനാകാത്തവർക്ക് സാമൂഹ്യസുരക്ഷാ പദ്ധതികളും ഉറപ്പാക്കുന്ന പുനരധിവാസ പദ്ധതിയാണ് LIFE മിഷൻ. എന്താണ് ഇതിൻ്റെ പൂർണ രൂപം?

15) 1980-ലെ സർക്കാരിൻ്റെ കാലത്ത് സപ്ലൈകോയുടെ കീഴിൽ ആരംഭിച്ച്, നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്‌ത്‌ പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്താനും വിലക്കയറ്റം നിയന്ത്രിക്കാനും സഹായിച്ച കേരള സർക്കാർ സ്ഥാപനം ഏതാണ്?

16) 'ഡിജിറ്റൽ വിടവ് (Digital Divide) നികത്തുന്നതിനായി, മിതമായ നിരക്കിൽ അതിവേഗ ഇൻറർനെറ്റ് നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ്?

17) ലോട്ടറി വഴി ലഭിക്കുന്ന വരുമാനം ക്യാൻസർ, ഹീമോഫീലിയ, വൃക്ക രോഗം, ഹൃദ്രോഗം എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുവാൻ 2011-12ൽ സംസ്ഥാന സർക്കാർ ആരംഭിച്ച ഫണ്ട് ഏത്?

18) കെ.എസ്.ആർ.ടി.സി ബസ്സുകളുടെ തത്സമയ ലൊക്കേഷൻ അറിയാനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സൗകര്യമൊരുക്കി, സേവനങ്ങളെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി നടപ്പിലാക്കിയ മൊബൈൽ ആപ്പ് ഏതാണ്?

19) "മലയാളമാണ് എൻറെ ഭാഷ, എൻറെ ഭാഷ എൻറെ വീടാണ്, എൻറെ ആകാശമാണ് " എന്നു തുടങ്ങുന്ന ഭാഷാ പ്രതിജ്ഞ മലയാളത്തിനു സമർപ്പിച്ച എഴുത്തുകാരൻ?

20) പ്രഥമ കേരളശ്രീ പുരസ്‌കാര ജേതാക്കളിലൊരാളാണ് സത്യഭാമ ദാസ് ബിജു എന്ന ജീവശാസ്ത്രജ്ഞൻ. എന്തിനെക്കുറിച്ചുള്ള സവിശേഷ പഠനത്തിലാണ് ഇദ്ദേഹം വിശ്വപ്രസിദ്ധി നേടിയിട്ടുള്ളത്?

21) 2024 ലെ സാർവദേശീയ വനിതാ ദിനത്തിൽ കേരളത്തിലെ ഒരു സേനാവിഭാഗം വനിതകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തി. ഏത് സേനയിൽ?

22) ജെൻഡർ പാർക്കിൻറെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായി രൂപകൽപന ചെയ്യപ്പെട്ട, അന്താരാഷ്ട്ര ശ്രദ്ധ നേടിയ ടാക്‌സി സേവനം ഏത്?

23) രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മെറ്റേണിറ്റി ലീവ് (പ്രസവാവധി) ഉറപ്പാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്. എത്ര ആഴ്‌ചയാണ് അവധി?

24) വ്യാജവാർത്തകൾ കണ്ടെത്താനും സുരക്ഷിതമായ ഡിജിറ്റൽ ഉപയോഗം പ്രോത്സാഹിപ്പിക്കാനും വിദ്യാർഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരെ പ്രാപ്തരാക്കുവാൻ KITE നടപ്പാക്കിയ പദ്ധതി ഏതാണ്?

25) സമ്പൂർണ്ണവൈദ്യുതീകരണം എന്ന നേട്ടം കേരളം കൈവരിച്ച വർഷം?

26) 14 മുതൽ 65 വയസ്സ് വരെയുള്ളവർക്ക് സ്‌മാർട്ട് ഫോൺ ഉപയോഗം, ഓൺലൈൻ പേയ്മെന്റുകൾ, സർക്കാരിൻറെ ഓൺലൈൻ സേവനങ്ങൾ, ഇൻറർനെറ്റ് നാവിഗേഷൻ എന്നിവയിൽ പരിശീലനം നൽകുന്നതിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കാൻ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏത്?

27) ആഗോളതാപനവും കടലാക്രമണവും മൂലം തീരദേശങ്ങളിൽ ദുരിതം നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിതമേഖലകളിലേക്ക് താമസിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പിൻറെ നേതൃത്വത്തിൽ ഫ്ലാറ്റുകളും വ്യക്തിഗതഭവനങ്ങളും നിർമിച്ച് പുനരധിവാസം ഉറപ്പാക്കുന്ന കേരള സർക്കാരിൻറെ പദ്ധതി ഏതാണ്?

28) നിരവധി തവണ മുടങ്ങിയെങ്കിലും ഇപ്പോൾ അതിവേഗത്തിൽ പൂർത്തീകരിക്കപ്പെട്ടുകൊ ണ്ടിരിക്കുന്ന ദേശീയപാത - NH 66 - കേരളത്തിൽ കാസർകോട് തലപ്പാടി മുതൽ 600 കി.മീ ദൂരത്തിലാണ്. തിരുവനന്തപുരത്ത് ഈ പാത അവസാനിക്കുന്നത് ഏത് സ്ഥലത്താണ്?

29) കേരളത്തിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 50% വനിതാ സംവരണം നടപ്പിലാക്കിയ വർഷം ഏത്?

30) സമ്പൂർണ ഗ്രിഡ് ബന്ധിത സൗരോർജ്ജവൽക്കരണം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ ആദിവാസി ഗ്രോത്രപ്രദേശം കേരളത്തിലാണ്. ഏതാണ് ആ പ്രദേശം?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam NewsPinarayi VijayanKerala NewsChief Ministers Mega Quiz
News Summary - Criticism against questions in the Chief Ministers Mega Quiz for students
Next Story