കെ. സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കി ബി.ജെ.പി നേതൃയോഗത്തിൽ വിമർശനം
text_fieldsതൃശൂർ: പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ വിമർശനവുമായി തൃശൂരിൽ നടന്ന ബി.ജെ.പി നേതൃയോഗം. പ്രചാരണരംഗത്ത് കാര്യക്ഷമ ഇടപെടൽ ഉണ്ടായില്ലെന്നും ഏകോപനത്തിന് നേതൃത്വമുണ്ടായില്ലെന്നും വിമർശിച്ചു.
വോട്ടുചോർച്ചയായിരുന്നു പ്രധാന അജണ്ടയെങ്കിലും വോട്ട് കുറഞ്ഞത് സംബന്ധിച്ച വ്യക്തമായ വിശദീകരണം യോഗത്തിൽ അവതരിപ്പിച്ചില്ല. നേരേത്ത ഒപ്പമുണ്ടായിരുന്നവർപോലും കൈയൊഴിഞ്ഞത് നേതൃത്വത്തിന്റെ പരാജയമാണെന്നായിരുന്നു കൃഷ്ണദാസ്-രമേശ് പക്ഷത്തിന്റെ അഭിപ്രായം. തെരഞ്ഞെടുപ്പുെചലവുകൾക്കായി 53 ലക്ഷം അനുവദിച്ചിട്ടും 25 ലക്ഷത്തിൽ താഴെ മാത്രമാണ് െചലവഴിച്ചത്. ഇത് പ്രചാരണരംഗത്ത് പ്രകടമായിരുന്നു. ഉറപ്പുള്ള വോട്ടുകളെപോലും നഷ്ടപ്പെടുത്തുന്ന വിധത്തിലായിരുന്നു നേതൃത്വത്തിന്റെ പ്രവർത്തനമെന്നും ഈ നിലയിൽ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ദയനീയ പ്രകടനമായിരിക്കുമെന്നും കൃഷ്ണദാസ്-രമേശ് പക്ഷത്തുള്ളവർ ചൂണ്ടിക്കാട്ടി. ദേശീയ നേതൃത്വത്തിൽനിന്ന് പ്രധാനപ്പെട്ട ആരും യോഗത്തിൽ പങ്കെടുക്കാതിരുന്നതിനാൽ ചട്ടപ്പടി വിമർശനത്തിൽ ഒതുങ്ങി.
മച്ചിപ്പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്നപോലെയാണ് മന്ത്രിസഭ പുനഃസംഘടനയെന്ന് സുരേന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ച് പറഞ്ഞു. സംസ്ഥാനത്ത് സമ്പൂർണ ഭരണസ്തംഭനമാണ്. കേന്ദ്രസഹായമില്ലെങ്കിൽ സംസ്ഥാനത്ത് ദൈനംദിന െചലവുപോലും നടക്കില്ല. പ്രതിപക്ഷ നേതാവിനുപോലും കേന്ദ്രസഹായത്തെപറ്റി പ്രശംസിക്കേണ്ടിവന്നത് ഈ സാഹചര്യത്തിലാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രമന്ത്രി വി. മുരളീധരൻ നിലവിളക്ക് കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. മുൻകേന്ദ്രമന്ത്രി ഒ. രാജഗോപാൽ, ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി, ദേശീയ സെക്രട്ടറി അനിൽ ആന്റണി, മുൻ സംസ്ഥാന അധ്യക്ഷരായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി. സുധീർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.