കോഴിക്കോട്: ലോക് താന്ത്രിക് ജനതാദൾ പാർട്ടി പിളർപ്പിലേക്ക്. ശ്രേയാംസ് കുമാറിന്‍റെ നേതൃത്വം അംഗീകരിക്കാനാകില്ലെന്ന നിലപാടുള്ള വിഭാഗം ഇന്ന് സംസ്ഥാന ഭാരവാഹി യോഗം വിളിച്ചു. ശ്രേയാംസുമായി യോജിച്ചു പോകാനാകില്ലെന്ന് മുഖ്യമന്ത്രിയെ ഈ വിഭാഗം അറിയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണ്ണയം മുതൽ തുടങ്ങിയ തർക്കമാണ് എൽ.ജെ.ഡിയെ പിളർപ്പിലേക്ക് നയിക്കുന്നത്. ശ്രേയാംസ് കുമാറിന്‍റെ നേതൃത്വം അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്.
സംസ്ഥാന ജനറൽ സെക്രട്ടറി ഷേക് പി. ഹാരിസിന്‍റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സംസ്ഥാന ഭാരവാഹി യോഗമാണ് ചേരുന്നത്. ദേശീയ സെക്രട്ടറി വർഗീസ് ജോർജ് അനുരഞ്ജന നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. വിമത വിഭാഗം മുഖ്യമന്ത്രിയെ കണ്ടും കാര്യങ്ങൾ ബോധിപ്പിച്ചു.
ശ്രേയാംസുമായി യോജിച്ചു പോകാനാകില്ലെന്നാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. ഒന്നിച്ചു പോകണമെന്നാണ് നേതാക്കളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. തർക്കത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നും നേതാക്കളെ മുഖ്യമന്ത്രി അറിയിച്ചു. പ്രശ്നം കൂടുതൽ രൂക്ഷമായാൽ മാത്രമേ മുന്നണി നേതൃതലത്തിലുള്ള ഇടപെടൽ ഉണ്ടാകാൻ സാധ്യതയുള്ളൂ.