ദിലീപിന്റെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധന നടത്തണമെന്ന് ക്രൈബ്രാഞ്ച്
text_fieldsആലുവ: നടൻ ദിലീപിന്റെ ഫോണുകൾ ഫോറൻസിക് പരിശോധനക്ക് അയക്കണമെന്ന് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ പരിശോധനക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എസ്.പി അപേക്ഷ നൽകിയത്.
ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാൻ ഹൈകോടതി നിർദേശിച്ചിരുന്നു. കോടതിയിൽ എത്തിച്ച ഇവ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം ആവശ്യപ്പെടുമെന്നാണ് കരുതിയിരുന്നത്. ഇതിന് അപേക്ഷ നൽകിയാൽ ദിലീപ് എതിർക്കാനിടയുണ്ടായിരുന്നു. തുടർന്നാണ് ഫൊറൻസിക് പരിശോധനക്ക് അയക്കാൻ അപേക്ഷ നൽകിയത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകളിൽനിന്ന് തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. ഇതിനിടെ, ദിലീപിന്റെ ഫോണുകൾ തുറക്കാനുള്ള പാറ്റേണുകൾ കോടതിക്ക് നൽകിയിട്ടുണ്ട്.

