തിരുവനന്തപുരം: വിവാദ ശബ്ദരേഖയുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ക്രൈം ബ്രാഞ്ചിന് സ്വപ്ന സുരേഷിന്‍റെ മൊഴിയെടുക്കാൻ ജയിൽ വകുപ്പ് കോടതിയുടെയും കേന്ദ്ര ഏജൻസികളുടെയും അനുമതി തേടും. ശബ്ദരേഖ സംബന്ധിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ചിനെ മൊഴി എടുക്കാന്‍ അനുവദിക്കാനാകുമോയെന്നാണ് ജയിൽ വകുപ്പ് കോടതിയിൽ നിന്നും ഏജൻസികളിൽ നിന്നും ആരായുക.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് അന്വേഷണ ഏജൻസികൾ സമ്മർദം ചെലുത്തുന്നെന്നായിരുന്നു സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖ. ഓൺലൈൻ പോർട്ടലാണ് ശബ്ദരേഖ പുറത്തുവിട്ടത്. നാലരമാസത്തോളമായി ജുഡീഷ്യൽ റിമാൻഡിലുള്ള സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത് വിവാദമായിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞദിവസം ജയിൽ വകുപ്പ് ഡി.ജി.പി ഋഷിരാജ് സിങ്ങിന് കത്ത് നൽകിയിരുന്നു. കത്ത് ഋഷിരാജ് സിങ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.
ശബ്ദരേഖ സ്വപ്നയുടേതാണോ, എവിടെെവച്ചാണ് അത് റെക്കോഡ് ചെയ്തത്, എങ്ങനെ ഒാൺലൈൻ മാധ്യമത്തിന് ലഭിച്ചു തുടങ്ങിയ കാര്യങ്ങളാകും അന്വേഷിക്കുക.