വിനോദിനി ബാലകൃഷ്ണൻ ഉപയോഗിക്കുന്നത് സ്വന്തം ഐഫോണെന്ന് ക്രൈംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐഫോൺ തന്നെയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. വിനോദിനി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. നേരത്തെ സന്തോഷ് ഈപ്പൻ ലൈഫ് മിഷൻ ഇടപാടിന് കോഴയായി നൽകിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കസ്റ്റംസ് വ്യക്തമാക്കിയത്.
സന്തോഷ് ഈപ്പനും വിനോദിനിയും ഉപയോഗിക്കുന്ന ഐഫോണുകൾ ഒരേ ഹോൾസെയിൽ കടയിൽ നിന്നാണ് വാങ്ങിയത്. വിനോദിനി ഫോൺ വാങ്ങിയത് കവടിയാറിലെ കടയിൽ നിന്നും സന്തോഷ് ഈപ്പൻ വാങ്ങിയത് സ്റ്റാച്യുവിൽ നിന്നുമാണ്. ഇരു ഫോണുകളും സ്പെൻസർ ജംങ്ഷനിലെ ഹോൾസെയിൽ കടയിൽ നിന്നാണ് വിതരണം ചെയ്തത്.
ഹോൾസെയിൽ കടക്കാരൻ വിവരങ്ങൾ നൽകിയപ്പോഴുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.

