മാമി കേസ് അന്വേഷിച്ച പൊലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്
text_fieldsമാമി
കോഴിക്കോട്: കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി കോഴിക്കോട് സ്വദേശി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനം അന്വേഷിച്ച ലോക്കൽ പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായതായി സംസ്ഥാന ക്രൈംബ്രാഞ്ച്. അന്വേഷണസംഘത്തിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരമേഖല ഐ.ജി രാജ്പാൽ മീണ ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ റിപ്പോർട്ടിലാണു നടപടി.
മാമിയെ 2023 ഓഗസ്റ്റ് 21ന് കാണാതായെന്ന ഭാര്യ റംലത്തിന്റെ പരാതിയിൽ ആദ്യം അന്വേഷണം നടത്തിയ നടക്കാവ് ലോക്കൽ പൊലീസ് സംഘത്തിലെ അന്നത്തെ ഇൻസ്പെക്ടർ പി.കെ. ജിജീഷ്, എസ്.ഐ ബിനു മോഹൻ, സീനിയർ സി.പി.ഒ എം.വി.ശ്രീകാന്ത്, കെ.കെ.ബിജു എന്നിവർക്കെതിരെയാണ് വകുപ്പുതല അന്വേഷണം. പ്രധാന സ്ഥലങ്ങളിൽനിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമം നടത്തിയില്ലെന്നും സുപ്രധാന സൂചനകൾ നൽകുന്ന വിവരങ്ങളിൽ ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ സൂചനയുണ്ട്.
മാമി കേസിൽ പൊലീസ് ദുരൂഹമായ ഇടപെടലുകൾ നടത്തിയതായി തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി. അൻവർ ആരോപണം ഉന്നയിച്ചിരുന്നു. സിസിടിവി തെളിവുകൾ ശേഖരിച്ചില്ലെന്നും കേസ് അട്ടിമറിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടെന്നുമായിരുന്നു ആരോപണം. ഇത് ശരിവെക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്.
പൊലീസുകാർക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കി 60 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ഐ.ജി ഉത്തരവിട്ടു. ജില്ലയിലെ ക്രമസമാധാനപാലനത്തിൽ ഉൾപ്പെടാത്ത അസിസ്റ്റന്റ് കമ്മിഷണർക്കാണ് അന്വേഷണ ചുമതല. 'മാൻ മിസ്സിങ്' കേസിൽ എസ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിനു മേൽനോട്ടം വഹിച്ചതിനാലാണ് ഇൻസ്പെക്ടർക്കെതിരെയും അന്വേഷണം.
2023 ആഗസ്റ്റ് 21നാണ് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണായത്. തലക്കുളത്തൂരാണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

